ന്യൂഡൽഹി : സിപിഐ നേതാവ് ആനി രാജക്കെതിരെ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കാര്യങ്ങളിൽ ആനി രാജ അഭിപ്രായം പറയണ്ട എന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിൽ ആനി രാജയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറൽ സെക്രട്ടറി ഡി രാജക്ക് ബിനോയ് വിശ്വം കത്ത് നൽകി.
സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ആനി രാജ കേരളത്തിലെ വിഷയങ്ങളിൽ നടത്തുന്ന അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണം എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ ആവശ്യം. കേരളവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിൽ നിന്നും വ്യത്യസ്തമായതും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നതും ആയതിനാലാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം കത്ത് നൽകിയിരിക്കുന്നത്.
വിവാദമായ ഹേമ കമ്മറ്റി റിപ്പോർട്ട് മുതൽ എഡിജിപി വിഷയം വരെയുള്ള കാര്യങ്ങളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ പ്രതികരണങ്ങൾ ആയിരുന്നു ആനി രാജയിൽ നിന്നും ഉണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തും മുകേഷും രാജി വയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇതായിരുന്നില്ല. ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടുകൾ വ്യത്യസ്തമായതോടെ പാർട്ടിക്കുള്ളിൽ തന്നെ പ്രവർത്തകർ ഇരുപക്ഷവുമായി മാറി. ഇതോടെയാണ് ഇപ്പോൾ ആനി രാജയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഡി രാജയ്ക്ക് ബിനോയ് വിശ്വം കത്ത് നൽകിയിരിക്കുന്നത്.
Discussion about this post