താനെ: സഹോദരിയുടെ നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് യുവതി. 24കാരിയായ യുവതിയാണ് സഹോദരിയുടെ ആറ് ദിവസം പോലും പ്രായമാവാത്ത കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിൽ ആണ് കൊടുംക്രൂരത. പ്രസവ സംബന്ധിയായി സഹോദരി ആശുപത്രിയിൽ കഴിയവേയാണ് യുവതി കുഞ്ഞിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ നാട്ടുകാരാണ് കുഞ്ഞ് വഴിയരികിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് സഹോദരിയുടെ മകളെയാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് യുവതി വെളിപ്പെടുത്തിയത്. ബാലനീതി വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് യുവതി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post