ശ്രീനഗർ : തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആർട്ടിക്കിൾ 370 വിഷയത്തിൽ മലക്കം മറിഞ്ഞിരിക്കുകയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും നിയുക്ത ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. എന്ത് വിലകൊടുത്തും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ്സും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിൽ നിന്നും വ്യത്യസ്തമായ മറുപടിയാണ് ഒമർ അബ്ദുള്ള നൽകിയത്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തുടരുന്നത് വരെ ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല എന്നാണ് ഒമർ അബ്ദുള്ള ഇന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 നെ കുറിച്ച് ഉടൻ സംസാരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് ഇക്കാര്യം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ന് മാദ്ധ്യമങ്ങളെ കണ്ടപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്ന നിലപാടും കൂടിയാണ് ഒമർ അബ്ദുള്ള സ്വീകരിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. ഹരിയാന, ജമ്മു കശ്മീർ എന്നീ രണ്ട് സംസ്ഥാനങ്ങളിലെയും ഫലം കോൺഗ്രസ് വിശകലനം ചെയ്യണമെന്നും അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഹരിയാനയിലെ ബിജെപിയുടെ കനത്ത വിജയത്തോടെ മഹാരാഷ്ട്രയുടെയും ജാർഖണ്ഡിന്റെയും കാര്യത്തിൽ കോൺഗ്രസ് ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉള്ളത് എന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
Discussion about this post