എറണാകുളം : കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗയ്ക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പ്രയാഗ മാർട്ടിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസിലാണ് പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ ആണ് സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു.
കൊച്ചിയിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഓംപ്രകാശിന്റെ സുഹൃത്തുക്കളാണ് പാർട്ടി സംഘടിപ്പിച്ചത് എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മറ്റ് 20 പേരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഓം പ്രകാശിന്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും എന്നും പോലീസ് അറിയിച്ചു.
Discussion about this post