മുംബൈ: ശതകോടീശ്വരൻ, പ്രമുഖ വ്യവസായി എന്നതിനെക്കാളും മനുഷ്യസ്‌നേഹി എന്ന വിശേഷണം ആകും രത്തൻ ടാറ്റയ്ക്ക് കൂടുതൽ ചേരുക. കാരണം അത്രയേറെ സേവനങ്ങൾ അദ്ദേഹം മനുഷ്യർക്കായി ചെയ്തിട്ടുണ്ട്. പാവങ്ങൾക്ക് മാത്രമല്ല, സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം യാത്ഥാർത്ഥ്യമാക്കാനും അദ്ദേഹത്തിന്റെ സഹായം ഉണ്ട്. ഇത്തരത്തിൽ രത്തൻ ടാറ്റയുടെ സഹായത്താൽ സംരംഭം ആരംഭിച്ചവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക് കൂപ്പൺ ആപ്പായ ക്യാഷ്‌കരോയുടെ സ്ഥാപകരായ സ്വാതിയും റോഹൻ ഭാർഗവയും.
2009 ൽ ആയിരുന്നു സ്വാതിയും റോഹൻ ഭാർഗവയും വിവാഹിതരായത്. ഇതിന് ശേഷം ഹണി മൂണിനായി പ്രമുഖ ക്യാഷ്ബാക്ക് വെബ്‌സൈറ്റിന്റെ സേവനം തേടി. ഇതോടെയായിരുന്നു സ്വന്തമായി ഒരു ക്യാഷ്ബാക്ക് ആപ്പ് എന്ന ആശയം സ്വാതിയുടെ മനസിൽ ഉദിച്ചത്. രണ്ട് വർഷത്തിന് ശേഷം 2011 ൽ ആഗ്രഹിച്ചത് പോലെ ക്യാഷ്‌കരോ എന്ന വെബ്‌സൈറ്റ് ആരംഭിച്ചു.
ബ്രിട്ടണിൽ താമസമാക്കിയിരുന്ന ദമ്പതികൾ അധികം വൈകാതെ തന്നെ തങ്ങളുടെ തട്ടകം ഇന്ത്യയിലേക്ക് മാറ്റി. എന്നാൽ ഇന്ത്യയിൽ എത്തിയ ഇവർക്ക് പിടിച്ച് നിൽക്കാൻ വലിയ തുക തന്നെ ഫണ്ടായി വേണമായിരുന്നു. ഇതോടെ ഇരുവരും രത്തൻ ടാറ്റയുടെ അടുത്ത് എത്തി തങ്ങളുടെ ആവശ്യം പറഞ്ഞു. രണ്ടാമതൊന്ന് ചിന്തിക്കാതെ രത്തൻ ടാറ്റ കമ്പനിയിൽ കോടികളുടെ നിക്ഷേപം നടത്തുകയായിരുന്നു.
ടാറ്റ പാകി തന്ന അടിത്തറയിൽ സ്വാതിയും റോഹനും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തു. 2022 ആകുമ്പോഴേയ്ക്കും 225 കോടി രൂപയുടെ വരുമാനം ആയിരുന്നു ഇരുവർക്കും കമ്പനി വഴി ലഭിച്ചത്. നിലവിൽ ക്യാഷ്‌കരോ ആപ്പിന് 25 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്.
Discussion about this post