ജനപ്രിയവ്യവസായി രത്തൻടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റ ക്യാബിനറ്റ് മന്ത്രിമാരും രത്തൻ ടാറ്റയ്ക്ക് അനുശോചനം അർപ്പിച്ചു. മഹത്തായ സാമൂഹിക പ്രവർത്തകനെയും ദീർഘവീക്ഷണമുള്ള രാജ്യസ്‌നേഹിയെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് രത്തൻ ടാറ്റയുടെ അനുശോചന കുറിപ്പിൽ ക്യാബിനറ്റ് പറഞ്ഞു.
ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ മാത്രമല്ല, സാമൂഹിക വികസന പ്രവർത്തനങ്ങളിലും രത്തൻ ടാറ്റയുടെ സംഭാവന അസാധാരണമായിരുന്നു. അദ്ദേഹം മഹാരാഷ്ട്രയുടെ മകനായിരുന്നു. ഇന്ത്യ അദ്ദേഹത്തിൽ അഭിമാനിക്കുന്നു എന്നും കുറിപ്പിൽ പറയുന്നു. 2008-ൽ രത്തൻ ടാറ്റയ്ക്ക് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്‌നം. കല, സാഹിത്യം , ശാസത്രം പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്‌ന നൽകുക.
കഴിഞ്ഞ ദിവസം രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോട് കൂടിയായിരുന്നു അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമന്ത്രി , രാഷട്രപതി ദ്രൗപതി മുർമു , കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Discussion about this post