ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. സിനിമാ രംഗത്തെ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. ഇപ്പോഴിതാ സിനിമാ ജീവിതത്തിൽ തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുകയാണ് നടി സിനി പ്രസാദ്.
വർഷങ്ങൾക്ക് മുമ്പ് പള്ളിക്കൂടം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. സിനിമയുടെ നിർമാതാവിൽ നിന്നും സംവിധായകനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എതിർത്തതിന്റെ പേരിൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറക്കുകയും പിന്നീട് സിനിമയിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു.
ഒരു മണിക്കൂർ മാത്രമുള്ള സിനിമയായിരുന്നു പള്ളിക്കൂടം. അദ്ധ്യാപികയുടെ വേഷമായിരുന്നു സിനിമയിൽ തനിക്ക്. ഒരു ചാനലിലെ പരിപാടി കഴിഞ്ഞ് രാത്രിയിലാണ് സിനിമയുടെ ലൊക്കേഷനിൽ എത്തിയത്. രാത്രി ഒരു സീനിൽ അഭിനയിച്ചു. അടുത്ത ദിവസമായിരുന്നു ബാക്കി സീനുകൾ ചെയ്യാനിരുന്നത്. ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ആയിരുന്നു അഭിനേതാക്കളെ താമസിപ്പിച്ചിരുന്നത്. തന്റെയൊപ്പം ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ മുറിയിലേക്ക് നിർമാതാവ് വന്നു. കുറേ നേരം സംസാരിച്ചു. തനിക്ക് ഉറങ്ങണമെന്ന് പറഞ്ഞപ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീയും പോയി. ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു സംവിധായകൻ വന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ അയാൾ ഒന്നും പറഞ്ഞില്ല. അയാൾ നേരെ കട്ടിലിൽ വന്ന് കിടന്നു. അപ്പോഴേക്കും താൻ കരഞ്ഞുപോയി. താൻ അഭിനയിക്കാനാണ് വന്നതെന്ന് അയാളോട് പറഞ്ഞു. ഇതോടെ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
പിറ്റേ ദിവസം സഹപ്രവർത്തകരെയെല്ലാം ലൊക്കേഷനിലേക്ക് കൊണ്ടുപോയിരുന്നു. തന്നെ മാത്രം കൊണ്ടുപോയില്ല. താൻ റൂമിൽ ഒറ്റക്കിരുന്നു. ഭക്ഷണമോ വെള്ളമോ പോലും കിട്ടിയില്ല. അവസാനം അന്വേഷിച്ചപ്പോഴാണ് സിനിമയിലെ തന്റെ സീനുകൾ വെട്ടിക്കുറച്ചതായി അറിഞ്ഞത്. അങ്ങനെ ആ സിനിമയിൽ നിന്നും തന്നെ പുറത്താക്കിയെന്നും സിനി പ്രസാദ് വെളിപ്പെടുത്തി.
Discussion about this post