മുംബൈ: അതിസമ്പന്നതയുടെ ഉദാഹരണമായി നിലകൊള്ളുന്ന ഹോട്ടലാണ് താജ് ഹോട്ടൽ. ഇവിടെ ഒരു ദിവസം താമസിക്കണമെങ്കിൽ പോലും പതിനായിരങ്ങൾ വാടകയായി നൽകണം. അതിസമ്പന്നർ മാത്രം കയറിചെല്ലാൻ ധൈര്യപ്പെടുന്ന താജ് ഹോട്ടലിൽ പക്ഷേ, സൗജന്യമായി കയറിചെല്ലാൻ അർഹതയുള്ളത് ഒരു കൂട്ടർക്ക് മാത്രമാണ്.
ഈ അവകാശം നിങ്ങൾ വിചാരിക്കുന്നത് പോലെ, മനുഷ്യരല്ല. പകരം മനുഷ്യർ കാണുമ്പോഴെല്ലാം ആട്ടിയകറ്റുന്ന തെരുവുനായ്ക്കൾക്കാണ് ആരും കൊതിക്കുന്ന ഈ അവകാശമുള്ളത്. ഹോട്ടൽ പരിസരത്ത് എത്തുന്ന തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഉൾപ്പെടെ നൽകാനും നന്നായി പരിചരിക്കാനും താജ് ഹോട്ടലിലെ കാവൽക്കാർ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
താജ് ഹോട്ടലിൽ നായ്ക്കൾക്ക് ഇത്രയും പ്രധാനപ്പെട്ട സ്ഥാനം ലഭിക്കാനുള്ള കാരണം മഹാനായ വ്യവസായി രത്തൻ ടാറ്റയാണ്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ജീവിതത്തിൽ എന്നും വലിയ സ്ഥാനം നൽകിയിരുന്ന രത്തൻ ടാറ്റയുടെ മൃഗസ്‌നേഹം ലോകം മുഴുവൻ പ്രശസ്തമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് നായക്കളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം പലപ്പോഴും ലോകം മുഴുവൻ കണ്ടിട്ടുള്ളതാണ്. ഈ സ്‌നേഹം തന്നെയാണ് താജ് ഹോട്ടലിൽ നായ്ക്കൾക്ക് പ്രത്യേകം സ്ഥാനം ലഭിക്കാനും കാരണം.
ഈ മൃഗസ്‌നേഹത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലുള്ള മൃഗസംരക്ഷണത്തിനുള്ള കേന്ദ്രം. ഇവിടെ തെരുവ് നായ്ക്കൾക്ക് ഭക്ഷണവും വൈദ്യസഹായവും നൽകുന്നു. രത്തൻ ടാറ്റയുടെ ഓഫീസിൽ ജീവനക്കാരുടെ വളർത്തുമൃഗങ്ങൾക്ക് താമസിക്കാൻ പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുംബൈയിൽ മഹാലക്ഷ്മി ഏരിയയിൽ അത്യാധുനിക സൗകര്യങ്ങളോടെ മൃഗാശുപത്രിയും നിർമിച്ചിരിക്കുന്നു. ഇരുന്നൂറിലേറെ കിടക്കകളാണ് ഇൗ ആശുപത്രിയിൽ മൃഗങ്ങളുടെ ചികിത്സക്കായി ഉള്ളത്. നൂതന ചികിത്സകളാണ് ഇവിടെയെത്തുന്ന രോഗികൾക്ക് നൽകുന്നത്. കോടികൾ ചിലവഴിച്ചാണ് രത്തൻ ടാറ്റ ഈ ആശുപത്രി സ്ഥാപിച്ചത്.
Discussion about this post