സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന നമ്മൾ ആയിരങ്ങൾ ബ്യൂട്ടിപാർലറുകളിൽ ചെലവാക്കിയാലും വീട്ടിൽ ചില നുറുങ്ങുവിദ്യകൾ പരീക്ഷിച്ച് മുഖം സുന്ദരമാക്കാൻ നോക്കും അല്ലേ… കാലാകാലങ്ങളായി നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഉപയോഗിച്ചിരുന്ന ഒരു സൗന്ദര്യവർദ്ധക വസ്തു യഥാർത്ഥത്തിൽ കളിമണ്ണായിരുന്നുവെന്ന് അറിയാമോ?ഫുള്ളേഴ്‌സ് എർത്ത് എന്നറിയപ്പെടുന്ന മുൾട്ടാണി മിട്ടിയാണത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഈ പ്രത്യേകതരം കളിമണ്ണ് കാണപ്പെടുന്നത്. പാകിസ്താനിലെ മുൾട്ടാൻ നഗരത്തിന്റെ പേരിൽ നിന്നാണ് ഈ മണ്ണിന് മുൾട്ടാൻ കളിമണ്ണ് അഥവാ മുൾട്ടാണി മിൾട്ടി എന്ന പേര് ലഭിച്ചത്. കഠിന രാസവസ്തുക്കൾ ഉപയോഗിക്കാതെ എണ്ണയുടേയോ സമാനമായ മറ്റു ദ്രാവകങ്ങളുടെയോ കറയും നിറവും ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഒരു കളിമൺ വസ്തുവാണ് മുൾട്ടാണി മിട്ടി(Fuller’s earth). പ്ലേയ്ഗോസ്‌കൈറ്റ് (അറ്റാപുൾഗൈറ്റ്) അല്ലെങ്കിൽ ബെന്റോണൈറ്റ് എന്നിവയാണ് മുൾട്ടാണി മിട്ടിയിൽ അടങ്ങിയിരിക്കുന്നത്.
തുണി വെളുപ്പിക്കാനാണ് പണ്ട് ഈ മണ്ണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഈ വെളുപ്പിക്കൽ ശക്തി മുഖത്തെ മെലാസ്മ പോലുള്ള പിഗ്മന്റേഷൻ കുറയ്ക്കാൻ ഉപയോഗിച്ച് പോന്നു. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണി മിട്ടി സഹായിക്കുന്നു. ചർമ്മത്തിലെ അഴുക്ക് ശുദ്ധീകരണം,ചർമ്മം അണുവിമുക്തമാക്കൽ എന്നിവയ്ക്ക് മുൾട്ടാണി മിൾട്ടി സഹായിക്കുന്നതിനാൽ സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിച്ച് തുടങ്ങി.
മുഖത്തെ അമിത എണ്ണമയം അകറ്റാൻ ഉമുൾട്ടാണി മിട്ടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മറ്റൊരു വഴി മുൾട്ടാണി മിട്ടിയും അൽപം ചന്ദനപൊടിയും പനിനീരും ചേർത്ത് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് എണ്ണമയം പോകാൻ സഹായിക്കും.
നിറം വർദ്ധിപ്പിക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. മുൾട്ടാണി മിട്ടിയിൽ അൽപം തൈര് ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. പാടുകൾ മായ്ക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിൻ ഇ എണ്ണയും ചേർത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു ഇല്ലാതാക്കാൻ മുൾട്ടാണി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി മിട്ടിയിൽ വേപ്പില അരച്ചതും അൽപം കർപ്പൂരവും ചാലിച്ച് റോസ് വാട്ടറിൽ ചേർത്ത് മുഖത്ത് പുരട്ടുക.
രണ്ട് സ്പൂൺ തക്കാളി നീര്, രണ്ട് സ്പൂൺ മുൾട്ടാനി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതം തയാറാക്കണം. അതു പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ പാടുകളൊഴിഞ്ഞ മുഖം സ്വന്തമാക്കാം.
മുൾട്ടാണി മിട്ടി, പഞ്ചസാര, തേങ്ങാവെള്ളം എന്നിവ തുല്യ അളവിൽ ചേർത്തു മിക്‌സ് ചെയ്ത് ഒരു സ്‌ക്രബ് തയ്യാറാക്കിയെടുക്കുക. മുഖ ചർമ്മത്തിൽ തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റ് കാത്തിരിക്കാം. ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മിനുസമാർന്ന ചർമ്മത്തിനായി ആഴ്ചയിൽ ഒരിക്കൽ വീതം ഇത് ചെയ്യുക.
Discussion about this post