മുംബൈ : മുംബൈയിൽ വെടിയേറ്റ് കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കുടുംബത്തെ സന്ദർശിച്ച് നടൻ സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട സൽമാൻ ഖാൻ അനുശോചനങ്ങൾ അറിയിച്ചു. എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖി ശനിയാഴ്ച രാത്രിയാണ് മുംബൈയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ലോറൻസ് ബിഷ്ണോയ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിച്ച ആരെയും വെറുതെ വിടില്ല എന്നാണ് ഈ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ലോറൻസിൻ്റെ പേര് പുറത്ത് വന്നതിന് പിന്നാലെ സൽമാൻ ഖാൻ്റെ വീടിൻ്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ സൽമാൻ്റെ വീടിന് നേരെ ലോറൻസ് സംഘം വെടിയുതിർത്തിരുന്നു.
ബാബ സിദ്ദിഖിയുടെ സംസ്കാര ചടങ്ങുകൾക്കു മുൻപായാണ് മുംബൈയിലെ വസതിയിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയത്. ഞായറാഴ്ച രാത്രി മുംബൈയിലെ മറൈൻ ലൈൻസ് സ്റ്റേഷന് മുന്നിലുള്ള ബഡാ ഖബർസ്ഥാനിൽ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിക്കും. ഏറെ വികാരാധീനനായാണ് ബാബയുടെ ഭൗതിക ദേഹത്തിന് അരികിൽ സൽമാൻഖാനെ കാണപ്പെട്ടത്. നേരത്തെ സൽമാൻഖാന്റെ സഹോദരങ്ങളും ബാബാ സിദ്ദിഖിയുടെ ഭൗതിക ദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ബാന്ദ്രയിലെ എംഎൽഎ മകൻ സീഷൻ്റെ ഓഫീസിന് മുന്നിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ബാബ സിദ്ദിഖി കോൺഗ്രസ് വിട്ട് അജിത് പവാറിൻ്റെ എൻസിപിയിൽ ചേർന്നിരുന്നത്. മൂന്ന് തവണ ബാന്ദ്രയിൽ നിന്നും എംഎൽഎ ആയിട്ടുള്ള നേതാവാണ് ബാബ സിദ്ദിഖി.
Discussion about this post