എറണാകുളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഒരു പത്താം ക്ലാസുകാരി സഞ്ചരിച്ചത് 1100 ഓളം കിലോമീറ്റർ ദൂരം. എറണാകുളം കോലഞ്ചേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ഒടുവിൽ കണ്ടുകിട്ടിയത് വിജയവാഡയിൽ നിന്നുമാണ്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനായ ബീഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജയവാഡയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ബീഹാർ സ്വദേശിയായ ചന്ദൻ കുമാർ അറസ്റ്റിൽ ആയിരിക്കുന്നത്. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശിയായ ചന്ദന് 21 വയസ്സ് മാത്രമാണ് പ്രായമുള്ളത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ എറണാകുളം കോലഞ്ചേരിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയപ്പെട്ടിരുന്നത്.
കോലഞ്ചേരിയിൽ താമസമാക്കിയ അസം സ്വദേശികളുടെ മകളെയായിരുന്നു കാണാതായതായി പരാതി ലഭിച്ചിരുന്നത്. തുടർന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കോലഞ്ചേരിയിൽ നിന്നും എറണാകുളത്തേക്ക് ബസ്സിൽ എത്തിയ പെൺകുട്ടി പിന്നീട് ട്രെയിൻ മാർഗ്ഗം വിജയവാഡയിലേക്ക് പോവുകയായിരുന്നു.
കാമുകന്റെ പ്രത്യേക നിർദ്ദേശപ്രകാരം പോലീസ് കണ്ടെത്താതിരിക്കാൻ ആയി ഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ചായിരുന്നു പത്താം ക്ലാസുകാരി വീട് വിട്ട് പോയിരുന്നത്. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളിൽ പെൺകുട്ടി വിജയവാഡയിൽ ഉണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. എറണാകുളത്തു നിന്നുമുള്ള പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും യുവാവും പെൺകുട്ടിയും വിജയവാഡയിൽ വാടക വീട് എടുത്ത് താമസം ആരംഭിക്കുകയും പെൺകുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Discussion about this post