വാഷിംഗ്ടൺ: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മനുഷ്യകുലത്തെ ഒന്നാകെ ഇരുത്തിചിന്തിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ട് പുറത്ത്. ആഗോളതലത്തിൽ എട്ടിൽ ഒരു പെൺകുട്ടിയ്ക്ക് നേരെ 18 വയസിന് മുൻപ് ലൈംഗികാതിക്രമം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. യുണിസെഫാണ് ഇത് പുറത്ത് വിട്ടത്. 370 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും 18 വയസ്സിന് മുമ്പ് ഇത്തരം അതിക്രമങ്ങളിലൂടെ കടന്നുപോയവരെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബർ 11ന് മുന്നോടിയായിട്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നതെങ്കിലും ഇപ്പോളാണ് ചർച്ചയാവുന്നത്. വാക്കാലോ ഓൺലൈനിലുള്ളതോ ആയ അതിക്രമങ്ങൾ എടുത്തുനോക്കുകയാണെങ്കിൽ കണക്ക് ഇനിയും കൂടും. എട്ടിൽ ഒരാൾ എന്നത് അഞ്ചിൽ ഒരാൾ എന്നായി മാറുമെന്നും റിപ്പോർട്ട് പറയുന്നു.
സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, ആൺകുട്ടികൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. 240-310 മില്ല്യൺ ആൺകുട്ടികൾക്കെങ്കിലും ലൈംഗികാതിക്രമം നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സബ്-സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവുമധികം പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്, 79 മില്ല്യൺ സ്ത്രീകളും പെൺകുട്ടികളും എന്നതാണ് കണക്ക്. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യ (75 മില്ല്യൺ), മധ്യ, ദക്ഷിണേഷ്യ (73മില്ല്യൺ), യൂറോപ്പും വടക്കേ അമേരിക്കയും (68മില്ല്യൺ), ലാറ്റിൻ അമേരിക്കയും കരീബിയനും (45 മില്ല്യൺ) എന്നിവയാണ് ഏറ്റവുമധികം സർവൈവർമാരുള്ള മറ്റ് പ്രദേശങ്ങൾ.
Discussion about this post