ഈ കഴിഞ്ഞ ദിവസമാണ് രാജ്യം കണ്ട ഏക്കാലത്തെയും മികച്ച വ്യവസായികളിലൊരാളായിരുന്ന രത്തൻടാറ്റ അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ മുൻചെയർമാനായിരുന്ന അദ്ദേഹം സഹജീവിസ്‌നേഹത്തിന്റെ പേരിലാണ് എപ്പോഴും കയ്യടി നേടിയിട്ടുള്ളത്. രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് വലിയ നേട്ടങ്ങൾ കൊയ്യുകയും കമ്പനിയുടെ ലാഭം ഇരട്ടിക്കുകയും ചെയ്തിരുന്നു. നവഭാരതസൃഷ്ടിക്കായി അദ്ദേഹം നൽകിയ സംഭവാനകൾ ചില്ലറയല്ല.
കുറച്ചുനാളുകളായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രക്തസമ്മർദ്ദം കുറയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. പ്രായവും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സാരമായി ബാധിച്ചു. ഹൈപ്പോ ടെൻഷൻ എന്ന അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നുപോയത്.എന്താണ് ഹൈപ്പോ ടെൻഷനെന്നും അത് എങ്ങനെയാണ് ബാധിക്കുകയെന്നും നോക്കാം.
ലോകത്ത് നൂറുകോടിയിലധികം പേർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഒരു വർഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിനും ഇതു കാരണമാകുന്നുണ്ട്. ഇന്ന് 50 വയസ്സിനു മുകളിൽ പ്രായമായവരിൽ ഭൂരിഭാഗവും ബിപി മരുന്ന് കഴിക്കുന്നവരാണ്.പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ബിപി നൽകിയെന്ന് വരില്ല. ബിപി വളരെ കൂടുമ്പോൾ തലവേദന,കാഴ്ച,മങ്ങൽ,നടക്കുമ്പോഴോ കഠിനമായ ജോലികൾ ചെയ്യുമ്പോഴോ ഉള്ള കിതപ്പ്. നെഞ്ചിടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.
രക്തക്കുഴലുകളിൽക്കൂടി പ്രവഹിക്കുന്ന രക്തം അതിന്റെ ഭിത്തികളിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. രക്തസമ്മർദം പരിധിവിടുമ്പോഴാണ് അത് രോഗാവസ്ഥയായ ഹൈപ്പർടെൻഷനായി (രക്താതിമർദം) മാറുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദത്തെ (100140 മി.മീ. മെർക്കുറി) സിസ്റ്റോളിക് മർദമെന്നും വികസിക്കുമ്പോൾ ധമനികളിൽ അനുഭവപ്പെടുന്ന മർദത്തെ (6090 മി.മീ. മെർക്കുറി) ഡയസ്റ്റോളിക് മർദമെന്നും പറയുന്നു. ഈ രണ്ട് അളവുകളുടെയും ശരാശരി എടുത്തുകൊണ്ട് ആരോഗ്യവാനായ ഒരു വ്യക്തിയുടെ രക്തസമ്മർദം രേഖപ്പെടുത്തുന്നത് 120/80 മി.മീ. മെർക്കുറി എന്നായിരിക്കും.സിസ്റ്റോളിക് മർദം 140ൽ കൂടുമ്പോഴും ഡയസ്റ്റോളിക് മർദം 90ൽ കൂടുമ്പോഴാണ് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
രത്തൻടാറ്റയെ ബാധിച്ചത് ഹൈപ്പർടെൻഷൻ അല്ല ഹൈപ്പോ ടെൻഷനാണ്. ഹൈപ്പറിനെപോലെ തന്നെ അപകടകാരിയാണ് ഹൈപ്പോ ടെൻഷൻ. കുറഞ്ഞ ബിപി കാരണം, പ്രായമായവരിൽ ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം കുറയാൻ തുടങ്ങുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ബിപി പെട്ടെന്ന് കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തവും ഓക്‌സിജനും കുറയാൻ തുടങ്ങും. ഇത് പിന്നീട് തലകറക്കം, ചിലപ്പോൾ ബോധക്ഷയം പോലെയുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.
എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് കിട്ടാതെ വീഴാൻ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയർത്തി വയ്ക്കുന്നത് ബിപി കൂടാൻ സഹായിക്കും. ഉപ്പു ചേർത്ത വെള്ളവും കുടിക്കാം.
Discussion about this post