പടയപ്പ നാട്ടിലിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോഴിതാ പടയപ്പയുടെ മറ്റൊരു വീഡിയോയാണ് വൈറലാകുന്നത്. ദേവികുളത്തെ ഒരു വീടിന്റെ ഗേറ്റ് മെല്ലെത്തുറന്ന് അകത്തുകയറി ആര്‍ക്കും ശല്യമുണ്ടാക്കാതെ തിരികെ പോകുന്ന പടയപ്പയാണ് വീഡിയോയില്‍.
ദേവികുളം സ്വദേശിയായ മുക്കത്ത് ജോര്‍ജിന്റെ വീട്ടിലാണ് പടയപ്പ എത്തിയത്. എന്നാല്‍ ഇതിലെ കൗതുകമെന്താണെന്ന് വെച്ചാല്‍ ഇതാദ്യമായല്ല പടയപ്പ ഇവിടെയത്തുന്നത് എന്നതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് പതിമൂന്നാം തവണയാണ് പടയപ്പ ജോര്‍ജിന്റെ വീടിന്റെ ഗേറ്റ് തുറന്നെത്തുന്നത്.
സന്ദര്‍ശനങ്ങളില്‍ ഇതുവരെ യാതൊരുവിധ നാശനഷ്ടങ്ങളും പടയപ്പ ജോര്‍ജിന് ഉണ്ടാക്കിയിട്ടില്ല. കുറച്ചുനേരം മുറ്റത്ത് നിലയുറപ്പിച്ച ആന ഗേറ്റിന് സമീപത്തെ ചെടികളും ഇലകളും കഴിച്ചശേഷം തിരികെ പോകുകയായിരുന്നു
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് പടയപ്പ ജോര്‍ജിന്റെ വീട്ടുമുറ്റത്തെത്തിയത്. തന്റെ കൊമ്പുകൊണ്ട് ഗേറ്റ് തുറന്ന ശേഷം പടയപ്പ വീടിന്റെ മുറ്റത്തേക്ക് എത്തി.
” ഗേറ്റ് മെല്ലെ തുറന്നാണ് ആന മുറ്റത്തേക്ക് എത്തിയത്. ശേഷം മുറ്റത്തെ പേരമരത്തില്‍ നിന്നും പേരയ്ക്ക കഴിച്ചു. കുറച്ച് ചെടികളും പൂക്കളും ഭക്ഷണമാക്കി. അതിന് ശേഷം യാതൊരു നാശനഷ്ടവും ഉണ്ടാക്കാതെ സ്ഥലം വിട്ടു. മുമ്പും പടയപ്പ എന്റെ വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്. ഇതുവരെ ഒരു നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടില്ല,” ജോര്‍ജ് പറഞ്ഞു. എല്ലാ സീസണിലും പടയപ്പ എന്റെ തോട്ടത്തിലേക്ക് വരാറുണ്ട്. പഴങ്ങളും ഇലകളും കഴിച്ച ശേഷം ആര്‍ക്കും ശല്യമുണ്ടാക്കാതെ അവന്‍ സ്ഥലം വിടുകയും ചെയ്യും. ജോര്‍ജ് പറഞ്ഞു.
ദേവികുളത്തേയും ലക്കാടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനകളുടെ പരമ്പരാഗത പാതയിലാണ് ജോര്‍ജിന്റെ വീട് നില്‍ക്കുന്നതെന്ന് ഒരു മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പടയപ്പ ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ക്ക് അവയുടെ പരമ്പരാഗത പാതകള്‍ ഓര്‍മ്മയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post