ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. വായിൽ വരുന്ന അർബുദവും സ്തനാർബുദങ്ങളുടെ എണ്ണത്തിലുമാണ് ഗണ്യമായ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്‌സ് ആൻഡ് റിസർച്ചിന്റെ പഢനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടെത്തുന്നത് വായിലും ചുണ്ടിലും വരുന്ന അർബുദമാണ്. അതേസമയം, സ്ത്രീകളിൽ ഏറ്റവും കൂടുതൽ വരുന്നത് സ്തനാർബുദമാണെന്നും പഠനം പറയുന്നു. ബ്രിസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങളിലെ കാൻസർ കേസുകൾ, മരണങ്ങൾ, ജീവിതനിലവാരത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്നിവ ഗവേഷകർ താരതമ്യം ചെയ്യുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കാൻസർ എത്രത്തോളം സാധാരണമാണെന്നും അതിൽ എത്രപേർ മരിക്കുന്നുവെന്നും ഇവിടുത്തെ ആളുകളുടെ ജീവിതനിലവാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ കണ്ടെത്തൽ പറയുന്നു.
പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ കാൻസർ കേസുകൾ കണ്ടെത്തുന്നത് റഷ്യയിലാണെന്ന് പഠനം പറയുന്നു. റഷ്യയിലുള്ള പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, എന്നിവയിലെ കാൻസറുകൾ ആണ് സാധാരണയായി കണ്ടെത്തുന്നത്.
ഈ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചുണ്ടിലും വായിലുമുള്ള കാൻസറുകൾ ഇന്ത്യയിലെ പുരുഷന്മാരിൽ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനാർബുദമാണ് എല്ലാ രാജ്യങ്ങളിലും വർദ്ധിക്കുന്നത്. ചൈനയിലുള്ള സ്ത്രീകളിൽ ശ്വാസകോശ അർബുദം വർദ്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാൻസർ മരണനിരക്ക് കണ്ട് വരുന്നത് ദക്ഷിണാഫ്രിക്കയിലാണ്. കാൻസർ മൂലമുള്ള മരണങ്ങളുടെ കാര്യമെടുത്താൽ, എല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും മരണത്തിന് കാരണമാകുന്നത് ശ്വാസകോശ അർബുദമാണ്.
എന്നാൽ, ഇന്ത്യയിലെ കാൻസർ മരണങ്ങളിൽ ഏറ്റവും കൂടുതൽ സ്തനാർബുദം മൂലമുള്ള മരണങ്ങളാണ്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും വരും വർഷങ്ങളിൽ കാൻസർ കേസുകളിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് ഗവേഷകർ പയുന്നു.
Discussion about this post