കൊൽക്കത്ത : കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുമാരുടെ നിരാഹര സമരം പത്താം ദിവസം കടന്നു . ആരോഗ്യനില വഷളായതിനെ തുടർന്ന് നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും നിരാഹര സമരം തുടരുകയാണ്.
നീതി തേടി ബംഗാളിലെ ജൂനിയർ ഡോക്ടർമാർ രാജ്ഭവനിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം എൻ.ആർ.എസ് മെഡിക്കൽ കോളജിലെ പുലസ്ത ആചാരിയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരാഹാര സമരത്തിലുള്ള പല ഡോക്ടർമാരും രോഗബാധിതരാണ്. പരിശോധനയിൽ ഇവരുടെ മൂത്രത്തിൽ കെറ്റോണിൻറെ അളവ് ഗണ്യമായ കണ്ടെത്തി. ഇത് ഭക്ഷണം കഴിക്കാത്ത അടയാളമാണ്.
അതേസമയം നാളെ നടക്കുന്ന ദുർഗാപൂജ കാർണിവലിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതേ തുടർന്ന് മാർച്ച് നടത്തരുത് എന്ന് ചീഫ് സെക്രട്ടറി മനോജ് പന്ത് ഡോക്ടർമാരുടെ ജോയിന്റ് പ്ലാറ്റ്ഫോം (ജെപിഡി)യോട് അഭ്യർത്ഥിച്ചു.ജൂനിയർ ഡോക്ടർമാർ 10 ദിവസമായി നിരാഹാര സമരത്തിലാണ്. അവരിൽ മൂന്ന് പേർ ഇപ്പോൾ ഐസിയുവിലാണ്. എന്നിട്ടും ഈ ഗുരുതരമായ ആശങ്കകൾ പരിഹരിക്കാതെ സർക്കാർ ആഘോഷങ്ങൾക്ക് മുൻഗണന നൽകുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ലഭിക്കുക , ആരോഗ്യ സെക്രട്ടറി എൻ എസ് നിഗമിനെ ഉടൻ പുറത്താക്കുക, ജോലിസ്ഥലത്തെ സുരക്ഷ, മറ്റ് നടപടികൾ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.
Discussion about this post