സി പിഐക്കെതിരെ ആഞ്ഞടിച്ച് പി വി അൻവർ. ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാർട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്ന് അൻവർ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനാണ് സീറ്റ് വിറ്റതെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തനിക്കെതിരെ നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടി ആയാണ് പി വി അൻവർ ഇക്കാര്യം പറഞ്ഞത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അൻവർ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീഗിന് വിറ്റു എന്ന് അദ്ദേഹം പറഞ്ഞു.
സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാർഗവനെയാണെന്നും അൻവർ ആരോപിച്ചു. സി.പി.ഐ. നേതാക്കൾ കാട്ടുകള്ളന്മാരാണെന്ന് തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അൻവർ പറഞ്ഞു.
അവിടെ പിന്നീട് എ ഐ വൈ എഫിന്റെ ഒരു നേതാവാണ് സ്ഥാനാർഥിയായത്. തെരഞ്ഞെടുപ്പിൽ താൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സി.പി.ഐ ചിഹ്നത്തിൽ മത്സരിച്ചയാൾക്ക് കിട്ടിയത് വെറും 2500 വോട്ടാണ്. ചരിത്രത്തിലാദ്യമായി കെട്ടിവെച്ച കാശ് പോയി, വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.
ഈ ആരോപണത്തിന് അന്ന് സി പി ഐ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. താൻ തെളിയിക്കാമെന്ന് മറുപടി കൊടുത്തതോടെ സി പി ഐ പിന്നീട് ഒന്നും മിണ്ടിയില്ല. തന്നെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ അന്ന് ആര്യാടൻ അവിടെ തോൽക്കുമെന്നും താൻ ജയിക്കുമായിരുന്നെന്നും അൻവർ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും അൻവർ ആരോപിച്ചു.
രണ്ടാം തവണയാണ് സി.പി.ഐ മണ്ഡലം വിൽക്കുന്നതെന്നും പി.വി. അൻവർ ചൂണ്ടിക്കാട്ടി. എന്നാൽ പാർട്ടിയുടെ നീക്കത്തിൽ അതൃപ്തിയുള്ള ലോക്കൽ നേതാക്കൾ തന്നെ വന്ന് കണ്ടിരുന്നു. അഞ്ച് വർഷം പാർട്ടി കഷ്ടപ്പെട്ടത് ഇതിന് വേണ്ടിയാണോയെന്ന് നേതാക്കൾ തന്നോട് ചോദിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.
Discussion about this post