ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും. കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായും ആണ് തിരഞ്ഞെടുപ്പ് നടന്നത്. 81 അംഗ ജാർഗണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5നാണ് അവസാനിക്കുക.
അതേസമയം കേരളത്തിലെ പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ജയിച്ചതോടെയാണ് രണ്ട് നിയമസഭാ സീറ്റിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തർപ്രദേശിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കും ഗുജറാത്തിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതീരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിക്കും.
Discussion about this post