ശരീരഭാരം കുറയാൻ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. സോഷ്യൽ മീഡിയകളിൽ കാണുന്ന പ്രതിവിധികളും ആളുകൾ ടിപ്സും എല്ലാം കണ്ട് അവ പരീക്ഷിക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാറുണ്ട്. യൂട്യൂബും മൊബൈൽ അപ്ലിക്കേഷനുകളിലൂടെയും പലരും ഡയറ്റും വണ്ണം കുറയാനുള്ള മറ്റ് വഴികളും നോക്കാറുണ്ട്.
എന്നാൽ, ഇത്തരത്തിൽ ആരോഗ്യകരമല്ലാത്ത ഡയറ്റും വണ്ണം കുറക്കാനുള്ള പലതരത്തിലുള്ള വഴികളും എല്ലാം പരീക്ഷിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്. വണ്ണം കുറക്കാനായി മരുന്നുകൾ ഉപയോഗിക്കുന്നതും ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരത്തിൽ വണ്ണം കുറക്കാൻ നടത്തിയ പരീക്ഷണം കാരണം അമേരിക്കയിൽ നിന്നുള്ള ഒരു 21കാരിയുടെ ജീവൻ പോലും അപകടത്തിലായിരിക്കുകയാണ്. പെട്ടെന്ന് തടി കുറയാനായി നാടവിരയുടെ മുട്ടകളടങ്ങിയ ഗുളികയാണ് യുവതി കഴിച്ചത്. അയോവ സ്വദേശിക്കാണ് അപകടത്തിൽ ചെന്ന് ചാടിയത്. അമേരിക്കൻ ഗൈനക്കോളജിസ്റ്റായ ഡോ. ബെർണാഡ് ഹുസുവാണ് തന്റെ യുട്യൂബ് ചാനലിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
രണ്ട് നാടവിരമുട്ട ഗുളികകളാണ് യുവതി കഴിച്ചത്. രണ്ട് ഗുളികകൾ കഴിച്ചപ്പോൾ തന്നെ യുവതി ആഗ്രഹിച്ച രീതിയിലേക്ക് അവളുടെ ശരീരം മാറി. വളരെ വേഗത്തിൽ തന്നെ ഭാരം കുറഞ്ഞെങ്കിലും, ഒരാഴ്ച കഴിഞ്ഞതോടെ പെൺകുട്ടിക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ തോന്നിത്തുടങ്ങി. ശരീരത്തിൽ വീക്കവും വേദനയും അനുഭവപ്പെട്ടെങ്കിലും ശരീരഭാരം കുറഞ്ഞതിന്റെ സന്തോഷത്തിൽ പെൺകുട്ടി അതൊന്നും കാര്യമാക്കിയില്ല.
എന്നാൽ, ഒരു ദിവസം, പെട്ടെന്ന് കവിളിൽ എന്തോ അടിക്കുന്ന പോലെ പെൺകുട്ടിക്ക് തോന്നാൻ തുടങ്ങുകയായിരുന്നു. ശരീരത്തിൽ മുഴുവൻ വേദനയും അനുഭവപ്പട്ടു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും താടിയിൽ അസാധാരണമായ ഒരു മുഴ പ്രത്യക്ഷപ്പെടുകയായിരുന്നു. അഠിനമായ തലവേദനയും വയറുവേദനയും തലയോട്ടിയിൽ മർദ്ദവും അനുഭവപ്പെട്ടുതുടങ്ങി. ഇതോടെ, ബാക്ടീരിയൽ അണുബാധയാണോ എന്നറിയാൻ ടെസ്റ്റുകൾ നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം.
ഇടക്കിടെ ആർത്തവവും ഉണ്ടായതോടെ, വീണ്ടും പരിശോധനകൾ നടത്തി. ഈ പരിശോധനയിൽ യുവതിയുടെ നാവിലും കരളിലും ഉൾപ്പെടെ പല അവയവങ്ങളിലും മുറിവുകൾ കണ്ടെത്തുകയായിരുന്നു. പിന്നീട്, ഡോക്ടർമാർ ചോദിച്ചപ്പോഴാണ് ഗുളിക കഴിച്ചിരുന്ന കാര്യം പെൺകുട്ടി പറഞ്ഞത്. തുടർന്ന് വീണ്ടും ടെസ്റ്റുകൾ നടത്തിയപ്പോൾ, ടെനിയ സഗിനാറ്റ, ടെനിയ സോളിയം എന്നിങ്ങനെയുള്ള രണ്ട് പരാന്നഭോജികളുടെ സാന്നിധ്യം യുവതിയുടെ ശരീരത്തിൽ കണ്ടെത്തി. രക്തത്തിലും ഇവയുടെ മുട്ടകളുടെ സാന്നിധ്യം ധാരാളമായി ഉണ്ടായിരുന്നു.
പരാന്നഭോജികളായ നാടവിരയുടെ മുട്ടയടങ്ങിയ ഗുളികൾ കഴിച്ചാൽ, ഈ വിരകൾ ആമാശയത്തിലെത്തുകയും അവിടം ആവാസസ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു. ഇവ പിന്നീട് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ വലിച്ചെടുക്കുകയും പെട്ടെന്ന് തന്നെ ശരീരത്തിനുള്ളിൽ വളരുകയും ചെയ്യുന്നു. ഇതാണ് ശരീരഭാരം പെട്ടെന്ന് കുറയുകയും യുവതിയുടെ ജീവൻ പോലും അപകടത്തിലാക്കുകയും ചെയ്തത്.
വിരകളെ കൊല്ലുകയും അവയെ കുടലിൽ നിന്നും വേർപെടുത്തി കളയുകയും ചെയ്യുന്ന മരുന്നുകൾ ഡോക്ടർമാർ നൽകി. മസ്തികത്തിലെ വീക്കം കുറക്കാൻ സ്റ്റിറോയിഡുകളും നൽകി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ യുവതിയെ വീണ്ടും ഡോക്ടർമാർ പരിശോധനക്ക് വിധേയമാക്കി. നാടവിര മുട്ടകളുടെ സാന്നിധ്യം പൂർണമായും പോയതായി കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയിൽ നിന്നും വിട്ടയക്കുകയായിരുന്നു.
പോഷകങ്ങളൊന്നും ശരീരത്തിൽ ലഭിക്കാതെ ഏറെ തളർന്ന അവസ്ഥയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
Discussion about this post