പെട്ടെന്ന് ഒരു ദിവസം നമ്മുടെ വീട്ടിലെ റോബട്ടിക് വാക്വം ക്ലീനര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചാലോ. ഇത് യഥാര്‍ത്ഥത്തില്‍ നടന്നിരിക്കുകയാണ് ഒന്നല്ല പലതവണ,കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യുഎസ് നഗരങ്ങളില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഏതായാലും ഒരു കമ്പനിയുടേതായിരുന്നു ഈ വാക്വം ക്ലീനര്‍. ഇക്കോവാക്‌സിന്റെ ഡിബോട് എക്‌സ് എന്ന മോഡലുകളാണ് വിചിത്രമായി പെരുമാറാന്‍ ആരംഭിച്ചത്. മിനസോട്ടോയില്‍ അഭിഭാഷകനായ ഡാനിയല്‍ സ്വെന്‍സണാണ് ഈ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെയാണ് കേള്‍ക്കാന്‍ ആരംഭിച്ചത്. ഉപകരണം റിസെറ്റ് ചെയ്തതോടെ ഉടനെ തെറിവിളി ആരംഭിച്ചു.
ചീത്ത വിളിച്ചതിനൊപ്പം നായയുടെ പിന്നാലെ ഭയപ്പെടുത്താനും വാക്വം ക്ലീനര്‍ ചെന്നു.
Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്‍കൂര്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, സുരക്ഷാ പിഴവുകള്‍ കൃത്യസമയത്ത് പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെടുകയായിരുന്നു. മറ്റ് വെബ്സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളില്‍ നിന്ന് ലഭിച്ച പഴയ പാസ്വേഡുകള്‍ ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിന് ഉപയോഗിക്കുന്ന ”ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്” എന്നറിയപ്പെടുന്ന ഒരു രീതി ഹാക്കര്‍മാര്‍ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ മേല്‍ നിയന്ത്രണം നേടാനും അവരുടെ ഉടമസ്ഥര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും കഴിയുന്നുവെന്നത് വളരെ അപകടകരമായ സാഹചര്യം തന്നെയാണ്. ഉപകരണങ്ങള്‍ സൗകര്യപ്രദമാണെങ്കിലും, ഹാക്കര്‍മാരില്‍നിന്നും സുരക്ഷിതമാക്കേണ്ടതും ആവശ്യമാണ്. അല്ലെങ്കില്‍ അത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.
Discussion about this post