ബംഗളൂരു: ഷോർട്‌സ് മാറ്റി മുണ്ടുടുക്കാൻ പറഞ്ഞ പിതാവിനെ മർദ്ദിച്ച് കൊന്ന് മകൻ. ബംഗളൂരുവിലാണ് സംഭവം. മദ്യലഹരിയിലാണ് 42 കാരൻ സ്വന്തം പിതാവിനെ തല്ലിക്കൊന്നത്. വിനോദ് കുമാർ എന്നയാളാണ് 76 കാരനായ വേലായുധനെ കൊലപ്പെടുത്തിയത്.വേലായുധനെ നിരവധി തവണ മർദ്ദിച്ച ശേഷം തല ചുമരിൽഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനിടെ കുത്തിപ്പരിക്കേൽപ്പിക്കാനും വിനോദ് ശ്രമിച്ചുവെന്ന് സഹോദരനായ വിമൽ കുമാർ പറയുന്നു.
വിനോദും വേലായുധനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണെന്ന് സഹോദരനായ വിമൽ കുമാർ പറയുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വിനോദിനോട് ഷോർട്‌സ് മാറ്റി മുണ്ടുടുക്കാൻ പിതാവ് പറഞ്ഞു. ഇതോടെ തർക്കമാകുകയും കൊലപാതകത്തിൽ അവസാനിപ്പിക്കുകയുമായിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും വിനോദ് പിതാവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് വിമൽ പറയുന്നു.
സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു പ്രതി വിനോദ്. ഭാര്യയിൽ നിന്ന് അകന്ന് കഴിയുന്ന വിനോദും സഹോദരൻ വിമലും സ്ഥിരമായി ജോലിക്ക് പോകാറില്ലെന്നും പിതാവിന്റെ അടുത്ത് നിന്ന് പണം വാങ്ങിയാണ് മദ്യപിക്കാറെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post