ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ 48 മണിക്കൂറിനിടെ വന്നത് 12 ബോംബ് ഭീഷണികൾ. വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വരുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വ്യോമയാന മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികൾക്ക് പിന്നിലുള്ളവരെ കുറിച്ച് സുപ്രധാനമായ തുമ്പുകൾ ലഭിച്ചതായി ഏവിയേഷൻ അധികൃതർ അറിയിച്ചു. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എക്സ് അക്കൗണ്ടുകളിലൂടെ ഉൾപ്പെടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും നേരെ ഭീഷണിസന്ദേശം വന്നിരുന്നു.
ഇന്നലെ രാത്രിയും ഇൻഡിഗോ വിമാനത്തിന് നേരെ ഭീഷണി സന്ദേശമെത്തിയിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയാണ് ഭീഷണിയെത്തിയത്. ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. 200 ഓളം യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മുംബൈയിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തുന്നത്. അഞ്ജാതരുടെ എക്സ് അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തയത്. തുടർന്ന് മുംബൈ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഏജൻസികൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു.
Discussion about this post