ന്യൂഡൽഹി : വാരണാസിയിൽ പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കാൻ അംഗീകാരം നൽകി കേന്ദ്രസർക്കാർ. വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെ പുതിയ റെയിൽ-റോഡ് പാലം നിർമ്മിക്കാനാണ് അംഗീകാരം നൽകിയിരിക്കുന്നത്. മികച്ച ഗതാഗത ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായിരിക്കും ഈ പുതിയ റെയിൽ-റോഡ് പാലമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
137 വർഷം പഴക്കമുള്ള മാളവ്യ പാലത്തിന് ബദലായാണ് പുതിയപാലം നിർമ്മിക്കുന്നത്. 2,642 കോടി രൂപ ചെലവിലായിരിക്കും പദ്ധതി പൂർത്തീകരിക്കുക. താഴത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ആയിരിക്കും വാരണാസിയിലെ പുതിയ റോഡ് പാലത്തിന് ഉണ്ടാകുക.
ഉത്തർപ്രദേശിലെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെയാണ് ഈ പാലം കടന്നുപോകുന്നത്. ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ റൂട്ട് ചരക്കുകൾ കൊണ്ടുപോകുന്നതും ടൂറിസം, വ്യാവസായിക ആവശ്യങ്ങളും കാരണം കനത്ത തിരക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി ഏറെ ഫലപ്രദമാകും എന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post