ന്യൂയോർക്ക്: സൂര്യനുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് നാസ. സൂര്യൻ അതിന്റെ 11 വർഷക്കാലത്തെ സൗര ചക്രത്തിൽ സോളാർ മാക്സിമം എന്ന ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറിയുൾപ്പെടെ വർദ്ധിക്കുമെന്നും നാസയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 11 വർഷക്കാലത്തെ സൗരചക്രത്തിൽ സൂര്യന്റെ കാന്തിക പ്രവർത്തനങ്ങൾ മാറ്റുന്ന സമയമാണ് സോളാർ മാക്സിമം. ഈ ഘട്ടത്തിൽ സൂര്യന്റെ പ്രവർത്തനങ്ങൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തും.
സോളാർ മാക്സിമത്തിൽ എത്തുമ്പോൾ സൂര്യനിൽ പൊട്ടിത്തെറികളുടെ എണ്ണം വർദ്ധിക്കുമെന്ന് നാസയുടെ സ്പേസ് വെതർ പ്രോഗ്രാം ഹെഡ്ഡായ ജാമി ഫേവേഴ്സ് പറയുന്നു. സൂര്യനിലെ പൊട്ടിത്തെറി സൗര കളങ്കങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കും. നമ്മുടെ നിത്യ ജീവിതത്തെയും സൂര്യനിലെ ഈ മാറ്റം ബാധിച്ചേക്കാമെന്നും ഫേവേഴ്സ് പറയുന്നു.
സൂര്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന സൗരക്കാറ്റുകളും ഭൗമകാന്തിക കൊടുങ്കാറ്റുകളുമാണ് ഭൂമിയെ പ്രതികൂലമായി ബാധിക്കുക. സൂര്യനിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൾ പുറത്തുവരുന്ന കാന്തിക തരംഗങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ഇത്തരം കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നത്. ഭൂമിയിലേക്ക് അതിശക്തിയായി വീശുന്ന ഇവ പവർഗ്രിഡുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. ഇതുവഴി വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും. ഇതിന് പുറമേ നമ്മുടെ സാറ്റ്ലൈറ്റുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഗവേഷകർക്ക് ഇത് നല്ലകാലമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ പ്രതിഭാസങ്ങൾ കണ്ടെത്താനും സൂര്യനെക്കുറിച്ച് പഠിക്കാനുമെല്ലാം വലിയ അവസരമാണ് ഇപ്പോൾ ലഭിക്കുക. സൂര്യന്റെ പ്രവർത്തനങ്ങൾ എങ്ങനെ ഭൂമിയെ ബാധിക്കും എന്നതിനെക്കുറിച്ചും പഠിക്കാമെന്നും അദ്ദേഹം വിശദമാക്കുന്നു.
Discussion about this post