തൃശ്ശൂർ : പാലക്കാട് മണ്ഡലത്തിന് പിന്നാലെ ചേലക്കരയിലും കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. കോൺഗ്രസ് നേതാവും മുൻ കെപിസിസി സെക്രട്ടറിയുമായിരുന്ന എൻ കെ സുധീർ പാർട്ടി വിട്ടേക്കുമെന്ന് സൂചന. പിവി അൻവറിന്റെ പുതിയ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ആണ് എൻകെ സുധീർ ഒരുങ്ങുന്നത് എന്നാണ് സൂചന.
2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി സുധീർ മത്സരിച്ചിരുന്നു. നേരത്തെ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ പിന്നീട് സുധീറിനെ തഴഞ്ഞ് കോൺഗ്രസ്സ് രമ്യ ഹരിദാസിന് സീറ്റ് നൽകുകയായിരുന്നു.
രമ്യ ഹരിദാസിന് ടിക്കറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചതോടെ സുധീർ പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. തൃശ്ശൂർ പേരാമംഗലത്തെ എൻ കെ സുധീറിന്റെ വീട്ടിലെത്തിയാണ് അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നത്. എന്നാൽ സുധീർ കോൺഗ്രസ് വിട്ടേക്കും എന്ന രീതിയിൽ വാർത്ത പുറത്തുവന്നതോടെ പ്രതികരണവുമായി സുധീർ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് എൻ കെ സുധീർ വ്യക്തമാക്കുന്നത്.
Discussion about this post