ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ സംഘങ്ങൾ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ കടുപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഎം. ഇത്തരം സംഘങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഎം ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാരിന്റെ പ്രഥമ കർത്തവ്യം എന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യ വിരുദ്ധ ഖാലിസ്ഥാൻ സംഘങ്ങൾ കാനഡയിൽ സജീവമാകുന്നത് അതീവ ഗൗരവത്തോടെ വേണം കാണാൻ. കാരണം ഇത് രാജ്യത്തിന്റെ സുരക്ഷയെ നേരിട്ട് ബാധിക്കും. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്രസർക്കാരിനൊപ്പം നിൽക്കും. ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ കേന്ദ്രസർക്കാർ തള്ളിയെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ കേന്ദ്രസർക്കാർ വിശ്വാസത്തിൽ എടുക്കുമെന്നാണ് കരുതുന്നത് എന്നും സിപിഎം കൂട്ടിച്ചേർത്തു.
അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും വാർത്തകളിൽ ഇടം പിടിയ്ക്കുകയായിരുന്നു. ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ആയിരുന്നു നേരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. എന്നാൽ ഇപ്പോൾ തങ്ങളുടെ പക്കൽ തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവച്ചത്.
കഴിഞ്ഞ വർഷമാണ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന തരത്തിൽ ജസ്റ്റിൻ ട്രൂഡോ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം വഷളാവുകയായിരുന്നു.
Discussion about this post