കണ്ണൂർ; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ പ്രതി ചേർക്കാനാണ് പോലീസിന്റെ തീരുമാനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് ഇന്ന് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിവൽ ക്ഷണിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. യോഗത്തിൽ അതിഥി അല്ലാതിരിന്നിട്ടുകൂടി എത്തിയ ദിവ്യ, നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു.
പി പി ദിവ്യയുടെ വിമർശനം ഇങ്ങനെ
കേരള മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം പറഞ്ഞത് ഫയൽ എന്നത് മനുഷ്യജീവിതമാണ് എന്നാണ്. വിമർശനമായി പറയുന്നതാണെന്ന് പറയരുത്. എന്റെ കൈയ്യിലുള്ള ഫയൽ മനുഷ്യന്റെ ജീവിതമാണെന്ന് എത്രപേർക്ക് തോന്നിയിട്ടുണ്ട്. എഡിഎമ്മിന് ആശംസകൾ നേരുകയാണ്. മറ്റൊരു ജില്ലയിലേക്ക് പോവുകയാണല്ലോ. മുൻ എഡിഎം ഉണ്ടായിരുന്നപ്പോൾ നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം വന്നപ്പോൾ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല. പക്ഷെ, ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ്. സൈറ്റ് പോയി നോക്കണം എന്നാണ് പറഞ്ഞത്. ഒന്നോ രണ്ടോ തവണ വിളിച്ചു. പിന്നീടൊരു ദിവസം സൈറ്റ് പോയി നോക്കിയെന്ന് പറഞ്ഞു.
അടുത്ത ദിവസം സംരംഭകൻ എന്നോട് പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചു. ചില വളവും തിരിവും ഉള്ളതിനാൽ എൻഒസി കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മാസങ്ങൾ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നത് കൊണ്ട് എൻഒസി കിട്ടിയെന്ന് പറഞ്ഞു. അത് എന്തായാലും നന്നായി. എൻഒസി കിട്ടിയത് എങ്ങനെയെന്ന് എനിക്കറിയാം. എൻഒസി കൊടുത്തതിന് നന്ദി പറയുന്നു. ജീവിതത്തിൽ സത്യസന്ധത പാലിക്കണം. കണ്ണൂരിൽ അദ്ദേഹം നടത്തിയത് പോലെയായിരിക്കരുത് അടുത്ത സ്ഥലം. മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക. സർവ്വീസ് സർവ്വീസാണ്. ഒരു നിമിഷം മതി എന്തെങ്കിലും സംഭവിക്കാൻ. ആ നിമിഷത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മൾ എല്ലാവരും കയ്യിൽ പേന പിടിക്കണം. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങൾ എല്ലാവരും അറിയും
Discussion about this post