എറണാകുളം: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ഉചിത നടപടി സ്വീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി. വിശ്വാസികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടം വിശ്വാസികൾ ഹർജി നല്‍കിയത്. സംഭവത്തില്‍ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള സംഭവങ്ങൾ അനുവദിക്കാനാവില്ല. താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുമാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, എക്സിക്യുട്ടീവ് ഓഫീസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post