ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും മുടിയുടെ വളർച്ചക്കുറവും. ഹോർമോൺ മാറ്റങ്ങൾ മുതൽ ജീവിതശൈലി വരെ ഈ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടികൊഴിച്ചിലും താരനും എല്ലാം വരുമ്പോൾ നമ്മൾ ആദ്യം തന്നെ ഏതെങ്കിലും പുതിയ എണ്ണയോ ഷാംപൂവോ ഉപയോഗിച്ച് മാറ്റാൻ ആയിരിക്കും ശ്രമിക്കുക. എന്നാൽ യഥാർത്ഥത്തിൽ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്.
പ്രകൃതിയിൽ അത്ഭുതകരമായ മുടി സംരക്ഷണ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളുണ്ട്. അവ പുരാതന കാലം മുതൽ മുടിയുടെ പരിപാലനത്തിനായി ഉപയോഗിച്ചുവരുന്നു. ഇന്ന് വിപണിയിൽ ലഭിക്കുന്ന എണ്ണകൾ, ഷാംപൂകൾ, ഹെയർ മാസ്കുകൾ എന്നിവയിലെല്ലാം പ്രധാന ചേരുവയായി ഉപയോഗിക്കുന്നതും ഈ പ്രകൃതിദത്തമായ സസ്യങ്ങൾ തന്നെയാണ്. ഈ ചെടികളുടെ ഗുണഫലങ്ങൾ അറിഞ്ഞാൽ വലിയ വില കൊടുത്ത് കടയിൽ നിന്നും ഷാംപൂവും എണ്ണയും മറ്റും വാങ്ങുന്നതിന് പകരം നമുക്ക് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ കേശപരിപാലനം സാധ്യമാകും. മുടികൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കുന്ന അഞ്ച് ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം,
കറ്റാർ വാഴ
മുടിക്കും ചർമ്മത്തിനും വേണ്ടിയുള്ള ഏറ്റവും മികച്ചതും കൂടുതലായി ഉപയോഗിക്കുന്നതുമായ സസ്യങ്ങളിൽ ഒന്നാണ് കറ്റാർ വാഴ. കേശ സംരക്ഷണ ഗുണങ്ങളാൽ നിറഞ്ഞ ഈ ചെടി നിരവധി മുടി സംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നുണ്ട് . ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജെൽ നേരിട്ട് ഉപയോഗിക്കുകയും വ്യത്യസ്ത പ്രകൃതിദത്ത ചേരുവകളുമായി ചേർത്ത് മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യാം. കറ്റാർവാഴയുടെ പിഎച്ച് നില വളരെ കുറവാണ്. അതിനാൽ തന്നെ ഇത് തലയോട്ടിക്ക് മികച്ചതാണ്. കറ്റാർ വാഴ ജെല്ലിൽ ധാതുക്കൾ, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് താരൻ ഇല്ലാതാക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
റോസ്മേരി
ആൻറി ബാക്ടീരിയൽ, ആൻ്റിഓക്‌സിഡൻ്റ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ സസ്യമാണ് റോസ്മേരി. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതും ഗുണം ചെയ്യുന്നതുമായ സസ്യങ്ങളിൽ ഒന്നാണ് ഇത്. റോസ്മേരി തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാല മുടി കൊഴിച്ചിൽ മന്ദഗതിയിലാക്കുന്നു. തലയോട്ടിയിലെ ഈർപം നിലനിർത്തുന്നതിലൂടെ തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും ഈ ചെടിക്ക് കഴിയും.
ചെമ്പരത്തി
ഫ്ലേവനോയ്ഡുകളും അമിനോ ആസിഡുകളും കൊണ്ട് സമ്പുഷ്ടമായ സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂക്കൾ മാത്രമല്ല ഇലകളും മുടി വളർച്ചയ്ക്ക് ഏറെ ഗുണകരമാണ്. ഇത് തലയോട്ടിയിൽ മുടിയിഴകൾക്കിടയിലുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും പുതിയ മുടികൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഈ അമിനോ ആസിഡുകൾ ഫോളിക്കിൾ കോശങ്ങൾക്ക് ചുറ്റും കെരാറ്റിൻ രൂപപ്പെടാൻ സഹായിക്കുന്നു. കൂടാതെ യുവിബി രശ്മികളിൽ നിന്ന് മുടിയെ സംരക്ഷിക്കാനും തലയോട്ടിയിലെ എണ്ണമയത്തെ ചെറുത്ത് താരൻ അകറ്റുകയും അറ്റം പിളരുകയും ചെയ്യുന്നത് തടയാനും ചെമ്പരത്തി ഏറെ ഗുണകരമാണ്.
ബ്രഹ്മി
തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും മുടി നീളവും കട്ടിയുള്ളതുമായി വളരാനും പുരാതന കാലം മുതലേ ഉപയോഗിച്ച് വരുന്ന ഒരു സസ്യമാണ് ബ്രഹ്മി. ബ്രഹ്മിയുടെ ഉപയോഗത്തിലൂടെ മുടിയുടെ അറ്റം പിളരാനുള്ള സാധ്യത കുറയുകയും, തലയോട്ടിയിലെ അണുബാധ, ചൊറിച്ചിൽ എന്നിവ കുറയുകയും ചെയ്യുന്നു.
തുളസി
തുളസി മുടിയുടെ വേരുകൾ ശക്തിപ്പെടുത്തുകയും രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കൂടാതെ, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലയോട്ടിയെ തണുപ്പിക്കുകയും ചെയ്യുന്നത് വഴി മുടി വളർച്ചയ്ക്ക് സഹായകരമാകുന്നു. താരൻ ശമിപ്പിക്കാനും തുളസി ഏറെ ഗുണകരമാണ്.
Discussion about this post