ജെറുസലേം: ഭീകര നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ഡെപ്യൂട്ടി ചീഫ് ഖാലി അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന് തുടക്കം കുറിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിയാണ് യഹിയ സിൻവാർ.
വൈകീട്ടോടെയാണ് യഹിയയുടെ മരണം ഹമാസ് സ്ഥിരീകരിച്ചത്.
വ്യോമാക്രമണത്തിൽ യഹിയ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഹമാസ് നടത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് ആഗോളതലത്തിൽ വലിയ ചർച്ചകൾ ഉയർന്നതോടെയാണ് സ്ഥിരീകരണവുമായി ഭീകര സംഘടന രംഗത്ത് എത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 7ന് 1200 ഇസ്രായേലികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയാണ് യഹിയ. ഇതിന് പുറമേ 250 ഓളം പേരെ അന്ന് നടന്ന സംഭവവിവാകസങ്ങൾക്കിടെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം കനക്കുകയായിരുന്നു.
ജൂലൈയിൽ ടെഹ്‌റാനിൽവച്ച് ഹമാസിന്റെ ഭീകര നേതാവ് ആയിരുന്ന ഇസ്മയിൽ ഹനിയെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് ശേഷമാണ് യഹിയ ഉന്നതസ്ഥാനത്തേയ്ക്ക് എത്തിയത്. ഓഗസ്റ്റ് ആറിനായിരുന്നു ഹയിയയെ ഹമാസിന്റെ തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തന്നെ യഹിയയെ ഇസ്രായേൽ നോട്ടമിട്ടിരുന്നു.
Discussion about this post