തിരുവനന്തപുരം : പാലക്കാട് നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗം വീണ എസ് നായർ. കഴിഞ്ഞ ജനുവരിയിൽ തന്നെ താനും സഹപ്രവർത്തകരും കെപിസിസി ഡിഎംസി കൺവീനർ എന്ന നിലയിലുള്ള ഡോക്ടർ സരിന്റെ പ്രവർത്തനങ്ങളിലെ ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു എന്നും വീണ എസ് നായർ അറിയിച്ചു.
25 പേർ മാത്രം ഉൾപ്പെടുന്ന ഡിജിറ്റൽ മീഡിയ സെല്ലിനെ പോലും നയിക്കാൻ ഡോക്ടർ സരിനെ കൊണ്ട് കഴിഞ്ഞിരുന്നില്ല. ആ വ്യക്തിയെയാണ് ഇപ്പോൾ രണ്ട് ലക്ഷം പേരുള്ള ഒരു നിയോജകമണ്ഡലത്തിന്റെ നാഥൻ ആക്കാൻ സിപിഎം പുറപ്പെടുന്നത്. സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ അന്ധതയും രാഷ്ട്രീയ പാപ്പരത്തവും ഓർത്ത് സഹതപിക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ല എന്നും വീണ വ്യക്തമാക്കി.
എപ്പോഴും സ്വന്തം ഫാൻ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിനാണ് സരിൻ ശ്രമിച്ചിരുന്നത്. ഇത് ടീമിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമായിരുന്നു. ഇതേ തുടർന്നാണ് സരിന്റെ പ്രവർത്തനങ്ങൾ ഭാവിയിൽ പാർട്ടിക്ക് ദോഷം ചെയ്യും എന്ന് കാണിച്ച് വീണയും സഹപ്രവർത്തകരും ചേർന്ന് പരാതി നൽകിയിരുന്നത്.
സരിൻ കാരണം കഴിഞ്ഞ 10 മാസമായി ശരിയായി ഉറങ്ങിയിട്ട് പോലും ഇല്ല. ഡിജിറ്റൽ മീഡിയ സെൽ എന്നാൽ താൻ ആണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സരിൻ ശ്രമിച്ചിരുന്നത്. തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കുക എന്നതായിരുന്നു അയാളുടെ രീതി. ഓരോ ആഴ്ചയിലും നടക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ ടാർഗറ്റ് ചെയ്ത് അധിക്ഷേപിക്കുക എന്ന അജണ്ടയായിരുന്നു നടപ്പിലാക്കിയിരുന്നത്. കരാറുകൾ അടക്കം എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കാൻ തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഞങ്ങൾ കൂടി ഭാഗമാകും എന്ന് ബോധ്യപ്പെട്ടതോടെയാണ് രേഖാമൂലം പരാതി നൽകാൻ തീരുമാനിച്ചത് എന്നും വീണ എസ് നായർ വ്യക്തമാക്കി.
Discussion about this post