വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ തകർക്കുന്നത് ഒരു ‘വിനോദമാക്കിയോ’ എന്ന് ആരാധകർ ചോദിച്ചുപോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്. എന്തായാലും കോഹ്‌ലി സച്ചിന്റെ മറ്റൊരു ചരിത്ര റെക്കോർഡിന് തൊട്ടരികിലാണ് ഇപ്പോൾ നിൽക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ (ടെസ്റ്റ് + ഏകദിനം + ടി20) ഏറ്റവും വേഗത്തിൽ 28,000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡിന് വെറും 25 റൺസ് മാത്രം അകലെയാണ് കോഹ്‌ലി.
വിരാട് ഇപ്പോൾ 623 ഇന്നിംഗ്‌സുകളിൽ നിന്ന് 27,975 റൺസ് നേടിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 25 റൺസ് കൂടി നേടിയാൽ സച്ചിനെക്കാൾ ഏകദേശം 40-ലധികം ഇന്നിംഗ്‌സുകൾ മുൻപേ വിരാട് ഈ നാഴികക്കല്ല് പിന്നിടും.
അടുത്തിടെ വിജയ് ഹസാരെ ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോഹ്‌ലി സച്ചിന്റെ പ്രധാനപ്പെട്ട രണ്ട് റെക്കോർഡുകൾ കൂടി തകർത്തിരുന്നു. സച്ചിൻ 391 ഇന്നിംഗ്‌സുകളിൽ നിന്ന് നേടിയ ഈ നാഴികക്കല്ല് വിരാട് വെറും 330 ഇന്നിംഗ്‌സുകളിൽ നിന്ന് മറികടന്നു. ഇതിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമായി അദ്ദേഹം മാറി. സച്ചിന്റെ 49 സെഞ്ച്വറി എന്ന റെക്കോർഡ് നേരത്തെ മറികടന്ന വിരാട്, 2025 നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിലൂടെ തന്റെ ഏകദിന സെഞ്ച്വറികളുടെ എണ്ണം 53-ൽ എത്തിച്ചു.
നിലവിൽ വിരാട് കോഹ്‌ലിയുടെ പേരിൽ 84 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. സച്ചിന്റെ 100 സെഞ്ച്വറി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ അദ്ദേഹത്തിന് ഇനി 16 സെഞ്ച്വറികൾ കൂടി മതി. ലിസ്റ്റ് എ ക്രിക്കറ്റിലെ സെഞ്ച്വറികളുടെ കണക്കിലും (58) സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ (60) വിരാടിന് ഇനി രണ്ട് സെഞ്ച്വറികൾ കൂടി മതിയാകും.













Discussion about this post