വയനാട്: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാടിന് പ്രത്യേക സഹായം നൽകുന്നത് പരിഗണനയിൽ ആണെന്ന് കേന്ദ്രസർക്കാർ. ഇതുവരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 700 ലധികം കോടി രൂപ കേരളത്തിന് നൽകിയതായും കേന്ദ്രം പറഞ്ഞു. ഹൈക്കോടതിയിൽ ആയിരുന്നു കേന്ദ്രം ഇക്കാര്യങ്ങൾ അറിയിച്ചത്.
മുണ്ടക്കൈ, ചൂരൽമല എന്നീ മേഖലകളിൽ കനത്തനാശമാണ് ഉണ്ടായിരിക്കുന്നത് എന്നും ഇതിൽ നിന്നും കരകയറാൻ കൂടുതൽ പണം നൽകണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കേന്ദ്രത്തോട് ഹൈക്കോടതി മറുപടി തേടിയിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ജില്ലയ്ക്കായി പ്രത്യേക സാമ്പത്തിക സഹായം പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം അറിയിച്ചത്.
വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മാത്രം പ്രത്യേകമായി സഹായം വേണം എന്നാണ് കേരളത്തിന്റെ ആവശ്യം. നേരത്തെ നൽകിയ 700 കോടി സംസ്ഥാനത്തിന് മൊത്തമായി നൽകിയതാണെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്രത്തിൽ നിന്നും നേരത്തെ ലഭിച്ച തുകകൾ ചിലവാക്കിയതിന്റെ മുഴുവൻ വിവരങ്ങളും അറിയിക്കണം എന്ന് സംസ്ഥാനത്തിന് കോടതി നിർദ്ദേശം നൽകി. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച കോടതി പരിഗണിക്കും.
Discussion about this post