ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. കേസ്രിയയിലെ തീരപ്രദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് നേരെയാണ് ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വസതിയുടെ ഒരു ഭാഗം തകര്‍ന്നുവെന്നും മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹു വസതിയില്‍ ഉണ്ടായിരുന്നോ എന്നതും അവ്യക്തമാണ്.
ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തെക്കന്‍ ഗാസയിലെ റാഫയില്‍ ബുധനാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍് ഹമാസ് തലവനും ‘2023 ഒക്ടോബര്‍ ഏഴ്’ ആക്രമണത്തിന്റെ സൂത്രധാരനുമായ യഹ്യാ സിന്‍വാര്‍ കൊല്ലപ്പെട്ടിരുന്നു മേഖലയില്‍ നിയോഗിച്ച ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബ്രിഗേഡാണ് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സിന്‍വാറിന്റെ താവളം കണ്ടെത്തിയത്.
ഒരു വര്‍ഷം പിന്നിട്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഹമാസിനോടാവശ്യപ്പെട്ടു.
അതേസമയം, യുദ്ധം അവസാനിപ്പിച്ചാല്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സിന്‍വാര്‍ വധത്തിനുശേഷവും തീവ്രവലതു പാര്‍ട്ടികളുടെ മന്ത്രിമാരായ ഇതാമര്‍ ബെന്‍ഗ്വിറും ബെസലേല്‍ സ്മോട്രിച്ചും ആവര്‍ത്തിച്ചു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതില്‍ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്.
Discussion about this post