ഇനി മുതൽ ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ അറിയാം. അതിനായി കൈയ്യിലൊതുങ്ങും കുഞ്ഞൻ എക്‌സ്‌റേ നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ചിലവ് കുറഞ്ഞ മാതൃകയിലാണ് തദ്ദേശിയമായി എക്‌സ്‌റേ വികസിപ്പിച്ചിരിക്കുന്നത്.
കാൻപൂർ ഐ .ഐ.ടിയും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും ചേർന്നാണ് കുഞ്ഞൻ എക്‌സ്‌റേ വികസിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് രാജ്യത്തെ ഗ്രാമങ്ങളിൽ കൂടുതൽ ഫലപ്രദമായ രോഗനിർണ്ണയം നടത്താനാവുമെന്നാണ് അധികൃതർ പറയുന്നത്. 2025 ആകുന്നതോടെ ക്ഷയരോഗം തുടച്ചു നീക്കുക എന്നതാണ് നമ്മുടെ രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതിലേക്ക് വഴിതെളിക്കുന്ന ഒരു മുന്നേറ്റമാണ് ഇന്ത്യൻ ഗവേഷകർ ഇപ്പോൾ നടത്തിയിരിക്കുന്നത്.
കൊവിഡ് 19ന് ശേഷം പകർച്ചവ്യാധികളുടെ പട്ടിക പരിശോധിച്ചാൽ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ടിബി അഥവാ ക്ഷയരോഗം . 1882 മാർച്ച് 24നാണ് റോബർട്ട് കോച്ച് ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് കണ്ടെത്തിയത് . നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടിബി. ക്ഷയ രോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്.
രോഗത്തിന്റെ ലക്ഷണങ്ങൾ
ക്ഷീണം
രാത്രിയിൽ വിയർക്കുന്ന അവസ്ഥ
പനി
വിശപ്പും ശരീരഭാരവും കുറയുന്നു
ആഴ്ചയിൽ കൂടുതലുള്ള ചുമ
രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് രോഗ ലക്ഷണങ്ങൾ പ്രകടമാവുക. ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരുന്നത്. രോഗിയുമായി കൂടുതൽ സമ്പർക്കം പുലർത്തുമ്പോളും അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
Discussion about this post