യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച പരിശീലനം നേടാനും മികച്ച ജോലി നേടാനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു പദ്ധതിയിലൂടെ നിരവധി അവസരങ്ങളാണ് യുവാക്കൾക്ക് ലഭിക്കാൻ പോവുന്നത്. കോളേജിൽ നിന്ന് പുതുതായി പുറത്തുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ വിടവ് നികത്തുന്നതിനാണ് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ ഏകദേശം ഒരു കോടി യുവ ബിരുദധാരികൾക്ക് 500-ലധികം മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകും. 12 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കും. ഇതിനു പുറമേ ഇന്റേൺഷിപ്പ് കാലയളവിൽ ചിലവുകൾക്കായി ഇന്റേൺസിന് പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കുകയും ചെയ്യും.
ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, ഐടി, ബാങ്കിംഗ് എന്നിവയുൾപ്പെടെ മേഖലകളിൽ ഇന്റേൺഷിപ്പുകൾ ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുമായി സഹകരിച്ച്, സംരംഭകർക്കൊപ്പം പ്രവർത്തിക്കാനും പഠിക്കാനും ഇന്റേണുകൾക്ക് അവസരം നൽകുന്നു.
ഇന്റേൺഷിപ്പ് പോർട്ടലിൽ ഇതുവരെ 91,000 അവസരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ 155,000 അപേക്ഷകർ സ്വയം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യോഗ്യതാ മാനദണ്ഡം
ഇന്ത്യൻ പൗരത്വമുള്ള 21-24 വയസ് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ അല്ലെങ്കിൽ ഹയർ സെക്കൻഡറി സ്‌കൂൾ പൂർത്തിയാക്കിയവർക്കോ ഐടിഐ സർട്ടിഫിക്കറ്റുകൾ, പോളിടെക്നിക് ഡിപ്ലോമകൾ, അല്ലെങ്കിൽ ബിഎ, ബിഎസ്സി, ബി.കോം, ബിബിഎ, ബിസിഎ അല്ലെങ്കിൽ ബിഫാർമ തുടങ്ങിയ മേഖലകളിലെ ബിരുദങ്ങൾ പോലുള്ള യോഗ്യതകൾ ഉള്ളവർക്കാണ് യോഗ്യത. ഐഐടികൾ, ഐഐഎമ്മുകൾ, ദേശീയ നിയമ സർവ്വകലാശാലകൾ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികളും സിഎ, സിഎംഎ, സിഎസ്, എംബിബിഎസ്, അല്ലെങ്കിൽ എംബിഎ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകളുള്ളവരും യോഗ്യരല്ല. കൂടാതെ, സർക്കാർ നേതൃത്വത്തിലുള്ള ഏതെങ്കിലും അപ്രന്റീസ്ഷിപ്പിലോ പരിശീലന പരിപാടികളിലോ ഉൾപ്പെട്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
ഇന്റേൺഷിപ്പ് കാലാവധിയും സർട്ടിഫിക്കേഷനും
ഇന്റേൺഷിപ്പ് കാലയളവ് 12 മാസമാണ്. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 6 മാസമെങ്കിലും ജോലി ചെയ്യണം. പൂർത്തിയാകുമ്പോൾ, ഇന്റേണുകൾക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് അവരുടെ കരിയർ സാധ്യതകൾക്ക് ഉപകാരമായിരിക്കും.
സ്‌റ്റൈപ്പന്റ് വിശദാംശങ്ങൾ
ഇന്റേണുകൾക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ നൽകുന്ന 4,500 രൂപയും അവരുടെ CSR ഫണ്ടുകൾ വഴി കമ്പനി 500 രൂപയും നൽകും. കൂടാതെ, ഓരോ ഇന്റേണിനും ചേരുമ്പോൾ ആകസ്മിക ചെലവുകൾക്കായി 6,000 രൂപ ഒറ്റത്തവണ ഗ്രാന്റും ലഭിക്കും.
Discussion about this post