ന്യൂഡൽഹി : കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാലക്കാട് നിയോജകമണ്ഡലത്തിൽ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ആയിരിക്കും ബിജെപി സ്ഥാനാർത്ഥികൾ.
ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷമാണ് ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. യുഡിഎഫും എൽഡിഎഫും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നതിനാൽ ബിജെപി സ്ഥാനാർത്ഥികൾ ആരായിരിക്കും എന്ന കാര്യത്തിൽ അണികൾക്ക് വലിയ ആകാംക്ഷയുണ്ടായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലം പാലക്കാട് ആണ്. ഇത്തവണ പാലക്കാട് നേടാൻ ആകും എന്ന വിജയപ്രതീക്ഷയിലാണ് ബിജെപി ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ഇ ശ്രീധരൻ വെറും 3859 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഇത്തവണ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാനുള്ള വാശിയിലാണ് ബിജെപി.
കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയുമാണ് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസ്. ചേലക്കരയിലെ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറിയാണ് കെ ബാലകൃഷ്ണൻ.
Discussion about this post