ന്യൂഡൽഹി : ആരോഗ്യ ഇൻഷൂറൻസിന്റെ 18 ശതമാനം ജി എസ്ടി എടുത്തു കളയാൻ കേന്ദ്രം. അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷൂറൻസിന് നികുതി ഇല്ലാതാവുന്നു. ജിഎസ്ടി കൗൺസിൽ നിയോഗിച്ച മന്ത്രിതലസമിതിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ ധാരണയായത്.
മുതിർന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. കൂടുതൽ വസ്തുക്കൾക്ക് നികുതി ഇളവിനുള്ള ശുപാർശയും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. അഞ്ച് ലക്ഷം വരെ പ്രീമിയം വരുന്ന ആരോഗ്യ ഇൻഷൂറൻസുകൾക്ക് ഉള്ള ജിഎസ്ടി ഒഴിവാക്കാനാണ് നിർദേശം. ഇനി അഞ്ച് ലക്ഷത്തിന് മുകളിൽ ഉള്ളവയ്ക്ക് മാത്രമായിരിക്കും നികുതി ഈടാക്കുക.
മുതിർന്ന പൗരൻമാരുടെ ആരോഗ്യ ഇൻഷുറൻസുകൾക്ക് പൂർണമായും ജിഎസ്ടി ഒഴിവാകും. അവർക്ക് അഞ്ച് ലക്ഷം പരിധി ബാധകമാവില്ല. ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ നിർദേശങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ് .
ഇതിനു പുറമേ വിലകൂടിയ ഷൂസുകൾ, വാച്ചുകൾ എന്നിവയ്ക്ക് ഉയർന്ന നികുതി ഈടാക്കണമെന്നാണ് സമിതിയുടെ മറ്റൊരു നിർദ്ദേശം. ഒരു ജോഡിക്ക് 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂസുകളുടെയും 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തണമെന്നാണ് ശുപാർശ. ഇതിലൂടെ വരുമാനം വർധനവ് നേടാമെന്നാണ് മന്ത്രിതല സമിതി കണക്ക് കൂട്ടുന്നത് .
Discussion about this post