ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നിര്‍ണ്ണായക നീക്കം സംബന്ധിച്ച് അമേരിക്കയുടെ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശകലനങ്ങളില്‍ ഇസ്രയേലിന്റെ സൈനിക ഒരുക്കങ്ങളും ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പും വ്യക്തമാക്കുന്നതാണ് ഈ രേഖകളുടെ ഉള്ളടക്കം.
ഇറാന്‍ പക്ഷത്തുള്ള ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ഒക്ടോബര്‍ 15, 16 തീയതികളിലുള്ള രേഖകള്‍ പ്രചരിക്കുന്നത്. ഒക്ടോബര്‍ 1ന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നെന്ന വിവരങ്ങളാണ് യുഎസ് രഹസ്യരേഖയിലുള്ളത്.
‘ഇസ്രയേല്‍: നാവികസേന ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുപ്പുകള്‍ തുടരുന്നു’ എന്ന തലക്കെട്ടിലുള്ളതാണ് ഒരു രഹസ്യരേഖ. എയര്‍-ടു-എയര്‍ റീഫ്യൂവലിങ്ങ് ഓപ്പറേഷനുകള്‍, തിരയല്‍-രക്ഷാ ദൗത്യങ്ങള്‍, ഇറാന്റെ ആക്രമണ സാധ്യത പ്രതീക്ഷിച്ച് മിസൈല്‍ സിസ്റ്റം പുന:സ്ഥാപിക്കല്‍ തുടങ്ങിയ വിവരങ്ങളും ഈ രേഖയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധസാമഗ്രികളും പ്രധാനപ്പെട്ട സൈനീക സ്വത്തുക്കളും തന്ത്രപ്രധാന സ്ഥലത്തേയ്ക്ക് നീക്കുന്ന നീക്കങ്ങളാണ് രണ്ടാമത്തെ രേഖയിലുള്ളത്.
എന്നാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഈ രേഖയില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഈ രേഖകളില്‍ ഇസ്രായേലിന്റെ പദ്ധതികളുടെ മുഴുവന്‍ വ്യാപ്തിയും വെളിപ്പെടുത്തുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രഹസ്യസ്വഭാവമുള്ള ഇന്റലിജന്‍സ് രേഖ ചോര്‍ന്നതില്‍ അമേരിക്കന്‍ ഭരണകൂടം ആശങ്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അേതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് പെന്റഗണ്‍, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍, എഫ്ബിഐ എന്നിവയുടെ സംയുക്ത അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post