ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഞായറാഴ്ച ആയിരുന്നു അദ്ദേഹം ഉത്തരാഖണ്ഡിലെ പുണ്യ ക്ഷേത്രങ്ങളിലേക്ക് എത്തിയത്. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് അജേന്ദ്ര അജയ് അദ്ദേഹത്തെ സ്വീകരിച്ചു.
ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രത്തിലും രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ക്ഷേത്രത്തിലും അംബാനി പ്രാർത്ഥന നടത്തി. കഴിഞ്ഞവർഷവും മുകേഷ് അംബാനി കുടുംബത്തോടൊപ്പം ഇരുക്ഷേത്രങ്ങളിലും ദർശനം നടത്തിയിരുന്നു. ഇത്തവണ കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ തനിച്ചായിരുന്നു അദ്ദേഹം പ്രാർത്ഥനയ്ക്കായി എത്തിയത്.
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിക്ക് 5 കോടി രൂപ സംഭാവന നൽകിയ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്. ശൈത്യകാലമായാൽ അടച്ചിടുന്ന ക്ഷേത്രങ്ങളാണ് കേദാർനാഥും ബദരിനാഥും. ഈ വർഷം നവംബർ മൂന്നിനാണ് കേദാർനാഥ് ക്ഷേത്രം അടയ്ക്കുക. നവംബർ 17ന് ബദരീനാഥ് ക്ഷേത്രവും അടയ്ക്കുന്നതായിരിക്കും.
Discussion about this post