മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ മൂലം മുടിയുടെ ആരോഗ്യം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര കണ്ടുവരുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ നാം ഹെയർ ഡൈകളെയാണ് ആശ്രയിക്കാറുള്ളത്.
ബ്യൂട്ടി പാർലറുകളിൽ പോയി മുടി കളർ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ, കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണം ആകും. മാത്രമല്ല മുടി അതിവേഗത്തിൽ നരയ്ക്കുന്നതിനും ഡൈകളുടെ ഉപയോഗം വഴിവക്കും.
അകാലനര ഒളിപ്പിക്കാൻ പലരും ആശ്രയിക്കുന്ന ഒന്നാണ് ഹെന്ന. മുടിക്ക് കറുത്ത നിറം ലഭിച്ചില്ലെങ്കിലും കളർ ചെയ്ത റിസൾട്ട് ലഭിക്കുകയും മുടിക്ക് മറ്റ് കേടുപാടുകൾ വരുത്താതിരിക്കാനും ഹെന്ന നല്ലതാണ്. ഹെന്ന ഉപയോഗിച്ചാൽ, മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും ഉള്ളോടെ മുടി വളരുകയും ചെയ്യും. ഇതിനൊപ്പം കുറച്ച് ചേരുവകൾ കൂടി ചേർത്താൽ ഇതിന്റെ ഫലം ഇരട്ടിയാകും. കടയിൽ നിന്നും വാങ്ങിയ ഹെന്ന പൊടി വെറുതെ തലയിൽ തേക്കാതെ അതിൽ ചില ചേരുവകൾ കൂടി ചേർത്താൽ മതി.
എങ്ങനെയാണെന്നല്ലേ…
നല്ല മൈലാഞ്ചി പൊടിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിലേക്ക് ചായപ്പൊടി വെള്ളം ചേർക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുടി നല്ല കുറുകറുപ്പാകാൻ സഹായിക്കും. മറ്റ് ചിലർ നെല്ലിക്കാപ്പൊടി, നാരങ്ങാ നീര്, നീലയമനി പൊടി എന്നിവയും ചേർക്കാറുണ്ട്. മുടിക്ക് ബലം ലഭിക്കാനും മുടി വളർച്ചക്കും ഇത് നല്ലതാണ്.
മുടിയുടെ ആരോഗ്യത്തിന് നല്ലപോലെ ഗുണം ചെയ്യുന്ന ചേരുവകൾ ഹെന്നയിൽ ചേർക്കണം. ഇവയിൽ ചിലതാണ് ഉലുവ, കറിവേപ്പില, ചെമ്പരത്തി, ചായപ്പൊടി എന്നിവ.
എങ്ങനെയാണ് ഈ കൂട്ട് തയ്യാറാക്കുകയെന്ന് നോക്കാം…
ആദ്യം ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് ഒരു സ്പൂൺ ഉലുവ ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ പച്ചരി, 5 ചെമ്പരത്തി, ഒരു തണ്ട് കറിവേപ്പില, ഒരു സ്പൂൺ ചായപ്പൊടി എന്നിവ ചേർത്ത് നന്നായ തിളപ്പിച്ച് മാറ്റി വക്കുക. ഇനി ഹെന്ന പൊടി എടുത്ത് പേസ്റ്റ് പോലെയാക്കാം. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച കൂട്ട് മിക്‌സ് ചെയ്യാം.
തല വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകിയതിന് ശേഷം മാത്രം വേണം ഈ കൂട്ട് തലയിൽ തേക്കാൻ. തേക്കുന്നതിന് മുമ്പ് തല നന്നായി ഉണങ്ങണം. ഓരോ മുടിയിലും ഇൗ കൂട്ട് എത്തിയെന്ന് ഉറപ്പാക്കണം. നരച്ച മുടിയുള്ള ഭാഗത്ത് നന്നായി തേക്കുക. ഒരു മണിക്കൂർ ഈ പേസ്റ്റ് തലയിൽ വച്ചതിന് ശേഷം വേണം കഴുകി കളയാൻ.
നല്ല ശുദ്ധമായ വെള്ളത്തിൽ തല കഴുകി ഉണക്കുക. പേസ്റ്റിന്റെ ഒന്നും തന്നെ തലയിൽ ഇരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആഴ്ചയിൽ രണ്ട് വട്ടം ഇത്തരത്തിൽ ചെയ്യുന്നത് മുടി നന്നായി കറുത്ത് വരാനും ആരോഗ്യത്തോടെയും നല്ല ഉള്ളോടെയും മുടി വളരാനും ഈ കൂട്ട് സഹായിക്കും.
Discussion about this post