ഇന്ത്യയുടെ തന്നെ അഭിമാനതാരമാണ് ലോകസുന്ദരി ഐശ്വര്യ റായി. സൗന്ദര്യത്തിന്റെ മറ്റൊരു പേരെന്ന് താരരാജാക്കന്മാർ പോലും വിശേഷിപ്പിക്കുന്ന ഐശ്വര്യക്ക് ഇപ്പോഴും ലോകം മുഴുവൻ ആരാധകരുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയോടുള്ള കടുത്ത ആരാധന തുറന്നു പറഞ്ഞുകൊണ്ട് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
എൻഡിടിവി സംഘടിപ്പിച്ച വേൾഡ് സമ്മിറ്റിലാണ് താരറാണിയോടുള്ള തന്റെ ആരാധന ഡേവിഡ് കമറൂൺ തുറന്നുപറഞ്ഞത്. ‘ദേവദാസ്’ എന്ന ചിത്രം കണ്ടതിന് ശേഷം താൻ ഐശ്വര്യ റായിയുടെ ആരാധകനായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം ഐശ്വര്യയുടെ താര കുടുംബത്തിന്റെയും ആരാധകനാണ് താൻ. ആന്റണി മറാസ് സംവിധാനം ചെയ്ത ‘ഹോട്ടൽ മുംബൈ’ എന്ന ചിത്രമാണ് താൻ അടുത്തിടെ കണ്ട ബോളിവുഡ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ഐശ്വര്യ റായിയെ കാണാനുള്ള അസുലഭമായ അവസരം എനിക്ക് ലഭിച്ചു. ഐശ്വര്യയുടെ ദേവദാസ് എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ അവരുടെ വലിയ ആരാധകനാണ്. ഒപ്പം ആ താരകുടുംബത്തിന്റെയും ആരാധകനാണ് ഞാൻ’- ഡേവിഡ് കാമറൂൺ വ്യക്തമാക്കി.
2002ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാനോടും ഐശ്വര്യ റായിയോടും ഒപ്പം മാധുരി ദീക്ഷിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ എവർഗ്രീൻ ക്ലാസിക് ചിത്രമായിരുന്ന ദേവദാസ് ആ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ നാമനിർദേശം ആയിരുന്നു. തീയറ്ററുകളിൽ ബ്ലോക്ബസ്റ്ററുകൾ നേടിയ ചിത്രം നിരവധി അവാർഡുകൾ നേടിയെടുത്തിട്ടുണ്ട്.
Discussion about this post