ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ സാമ്രാജ്യത്ത ശക്തികളെ പ്രീണിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സിയോണിസ്റ്റുകൾക്കും സംഘപരിവാറിനുമുള്ളത് ഒരേ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിഎച്ച് കണാരൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗാസയിൽ നിന്നും സൈനികരെ പിൻവലിച്ച് സംഘർഷം അവസാനിപ്പിക്കാണ് യുഎൻ ഇസ്രായേലിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇതിനെ അമേരിക്ക പോലെയുള്ള ചില രാജ്യങ്ങൾ മാത്രം എതിർക്കുന്നു. ഇതിൽ നമ്മൾ എവിടെയാണ്?. വലിയ പാരമ്പര്യവും ചരിത്രവുമുള്ള രാജ്യത്തിന്റെ നിലപാട് എന്താണ്?. നമ്മൾ പലസ്തീനെയാണ് പിന്തുണയ്ക്കുന്നത്. പലസ്തീനെതിരായ ആക്രമണം അവസാനിപ്പിക്കൂ എന്ന് പറയുന്ന സംഘത്തിൽ നമ്മൾ ഇല്ല. അതിനർത്ഥം മറുഭാഗത്ത് ആണ് നമ്മുടെ സ്ഥാനം എന്നതാണ്.
സംഘർഷത്തിനിടെ പലരാജ്യങ്ങളും ഇസ്രായേലിന് യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നത് നിർത്തി. എന്നാൽ ഇന്ത്യ മാത്രം ഇത് തുടരുന്നു. ഇന്ന് ഇസ്രായേലുമായി ആയുധ ഇടപാട് നടത്തുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അമേരിക്കയെ പ്രീണിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംഘപരിവാറും സിയോണിസ്റ്റുകളും വ്യത്യസ്തരല്ല. ഇവർക്ക് ഒരേ അജണ്ടയാണ് ഉള്ളത്. പലസ്തീനിൽ നടക്കുന്നത് യുദ്ധമല്ല കൂട്ടക്കുരുതി ആണെന്നും പിണറായി വിജയൻ പറഞ്ഞു.
Discussion about this post