ശ്രീനഗർ: ഒരു ഡോക്ടറുടെയും ആറ് അതിഥി തൊഴിലാളികളുടെയും മരണത്തിന് കാരണമായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്താനോട് സ്വരം കടുപ്പിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. 1947 മുതൽ കഴിഞ്ഞ 75 വർഷമായി നിങ്ങൾ ശ്രമിക്കുന്നു, പക്ഷെ കശ്മീർ പാകിസ്താനാക്കാം എന്ന് നിങ്ങൾ ഒരിക്കലും സ്വപ്നം കാണേണ്ട. ഇന്ത്യയുമായി നല്ല ബന്ധം ആണ് ആഗ്രഹിക്കുന്നതെങ്കിൽ തീവ്രവാദം നിർത്താൻ തയ്യാറാകണമെന്നും പാകിസ്താനോട് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടിരിന്നു, പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണത്തിൻ്റെ സൂത്രധാരൻ ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണെന്നും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഗ്രൂപ്പിൻ്റെ പ്രാദേശിക മൊഡ്യൂൾ ആണ് ആക്രമണം നടപ്പിലാക്കിയതെന്നും റിപോർട്ടുകൾ ഉണ്ട്. അതേസമയം ആദ്യമായാണ് കശ്മീരികളെയും കശ്മീരികളല്ലാത്തവരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ഈ ആക്രമണം വളരെ ദൗർഭാഗ്യകരമായിരുന്നു. കുടിയേറ്റക്കാരായ പാവപ്പെട്ട തൊഴിലാളികൾക്കും ഒരു ഡോക്ടർക്കും ജീവൻ നഷ്ടപ്പെട്ടു. തീവ്രവാദികൾക്ക് ഇതിൽ നിന്ന് എന്താണ് ലഭിക്കുന്നത് ? ഇവിടെ പാകിസ്താൻ സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ കരുതുന്നുണ്ടോ,”
“ഞങ്ങൾ ഇത് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്, ഈ ദുരിതത്തിൽ നിന്നും ഞങ്ങൾക്ക് മുന്നോട്ട് പോകണം . ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ, അവർ ഇത് അവസാനിപ്പിക്കണമെന്ന് ഞാൻ പാകിസ്ഥാനിലെ നേതൃത്വത്തോട് പറയാൻ ആഗ്രഹിക്കുന്നു. ‘കശ്മീർ പാകിസ്ഥാൻ നഹി ബനേഗാ'(കശ്മീർ ഒരിക്കലും പാകിസ്താൻ ആകില്ല).
1947 ലാണ് ഇസ്ലാമാബാദ് ഈ കളി തുടങ്ങിയതെന്നും അവർ നിരപരാധികളെ കൊല്ലുകയാണ്. 75 വർഷമായി ഇസ്ലാമാബാദിന് ഇവിടെ പാകിസ്താൻ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും അത് കഴിയുകയില്ല . “ഭീകരവാദം അവസാനിപ്പിക്കേണ്ട സമയമാണിത്, അല്ലാത്തപക്ഷം ഫലം വളരെ രൂക്ഷമായിരിക്കും. ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
Discussion about this post