ഭൂമിയിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്‌സ് അഥവ ധ്രുവീപ്തി. പ്രപഞ്ചത്തിന്റെ അതിമനോഹരമായ കാൻവാസിൽ നിറങ്ങൾ കൊണ്ട് വരക്കുന്ന ചായക്കൂട്ട്. ഒരോസമയം ഏറ്റവും ഭയാനകമായതും അതിസുന്ദരമായതുമായ കാഴ്ചയാണ് ധ്രുവദീപ്തി. ദക്ഷിണ ധ്രുവത്തിൽ അറോറ ഓസ്‌ട്രേലിസ് എന്നും ഉത്തരധ്രുവത്തിൽ അറോറ ബോറിയാലിസ് എന്നുമാണ് ഇത് അറിയപ്പെടുന്നത്.
സൂര്യനിൽ നിന്നും വരുന്ന കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വിവിധ കണങ്ങളുമായി കൂട്ടിയിടിക്കുന്നതിന് അനുസരിച്ചാണ് ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പച്ച, ചുവപ്പ്, നീല, പിങ്ക് നിറങ്ങളിലാണ് നോർത്തേൺ ലൈറ്റ്‌സ് കാണുക. നോർവേ, സ്വീഡൻ, ഐസ്ലാൻഡ്, കാനഡ, ഫിൻലാൻഡ്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങളിലാണ് നോർത്തേൺ ലൈറ്റ്‌സ് പ്രത്യക്ഷപ്പെടുക.
സൗരപ്രവർത്തനങ്ങളിലെ മാറ്റമാണ് നോർത്തേൺ ലൈറ്റുകൾക്ക് കാരണം. സൂര്യനിൽ നിന്നും ഉയർന്ന ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ നോർത്തേൺ ലൈറ്റുകൾ ഭൂമിയിൽ എവിടെ, എപ്പോൾ ദൃശ്യമാകുന്നു എന്നതിനെ നിയന്ത്രിക്കുന്നത് സൂര്യനാണ്.
ഇപ്പോൾ സൂര്യൻ അതിന്റെ മാക്‌സിമത്തിൽ എത്തിയതായും ആക്റ്റീവ് അവസ്ഥയിലേക്ക് മാറിയതായും നാസ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ 2024 മുതൽ 2026 വരെയുള്ള കാലയളവ് നോർത്തേൺ ലൈറ്റുകൾ കാണാനുള്ള ഏറ്റവും മികച്ച സമയമായിരിക്കും. സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ധ്രുവദീപ്തി കാണാനുള്ള ഏറ്റവും അനുയോജ്യമായ സമയം. അതുകൊണ്ട് തന്നെ ഇപ്പോൾ മുതൽ 2025 ഏപ്രിൽ വരെയും 2025 സെപ്തംബർ മുതൽ ഏപ്രിൽ വരെയും ഏറ്റവും നല്ല രീതിയിൽ നമുക്ക് നോർത്തേൺ ലൈറ്റുകൾ കാണാനാവും. 2025 ഏപ്രിലിന് ശേഷം ഇനി 11 വർഷത്തേക്ക് നോർത്തേൺ ലൈറ്റ് കാണാനാവില്ല.
Discussion about this post