ന്യൂഡൽഹി : വഖഫ് ബിൽ പാർലമെൻ്ററി കമ്മിറ്റിയിൽ നിന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിക്ക് സസ്പെൻഷൻ. മോശം പെരുമാറ്റത്തിന്റെ പേരിലാണ് സസ്പെൻഷൻ നടപടി. സംയുക്ത സമിതിയുടെ യോഗത്തിനിടെ കല്യാൺ ബാനർജി ബിജെപി എംപിയുടെ നേർക്ക് ചില്ലുകുപ്പി വലിച്ചെറിയുകയായിരുന്നു.
ബിജെപി എംപിയായ അഭിജിത്ത് ഗംഗോപാധ്യായയുടെ നേർക്കാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ചില്ലുകുപ്പി വലിച്ചെറിഞ്ഞത്. യോഗ സ്ഥലത്തേക്ക് കൊണ്ടുവന്ന ഗ്ലാസ് വാട്ടർബോട്ടിൽ ആണ് ബിജെപി നേതാവിനെ ലക്ഷ്യം വെച്ച് എറിഞ്ഞത്. ഇതോടെ ചൊവ്വാഴ്ചത്തെ വഖഫ് ബില്ലിന്മേലുള്ള സംയുക്ത സമിതി യോഗം സംഘർഷഭരിതമായി മാറി.
ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ പാർലമെൻ്ററി സമിതി വഖഫ് ബില്ലിന്മേൽ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കോപാകുലനായി പ്രതികരിച്ചത്. പാർലമെന്റിലെ അനെക്സ് മന്ദിരത്തിൽ ആയിരുന്നു യോഗം നടന്നിരുന്നത്. സഖ്യകക്ഷികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യം അംഗീകരിച്ചാണ് വഖഫ് ബിൽ വിശദമായ ചർച്ചയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് അയക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നത്.
Discussion about this post