വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ വൈകാതെ തന്നെ കേന്ദ്രസർക്കാർ താഴെ വീഴുമെന്ന് ചാണ്ടി ഉമ്മൻ. ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിലോ സർക്കാർ വീഴാനുള്ള സാഹചര്യമുണ്ട് എന്നാണ് ചാണ്ടി പ്രതികരിച്ചത്. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ തന്നെ കേന്ദ്രസർക്കാർ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ചേർന്നുള്ള കോൺഗ്രസ് നേതൃത്വം പാർലമെന്റിൽ ശക്തമായ ഒരു പ്രതിപക്ഷമായി മാറും. അതോടെ കേന്ദ്ര സർക്കാർ നിലംപതിക്കുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും ചാണ്ടി വ്യക്തമാക്കി.
പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഉണ്ടായ ആരോപണങ്ങളും ചാണ്ടി ഉമ്മൻ തള്ളിക്കളഞ്ഞു. പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ ഓരോ കോൺഗ്രസുകാരന്റെയും വികാരം ആ സ്ഥാനാർത്ഥിക്കൊപ്പമായിരിക്കും എന്നാണ് ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്. ഷാഫിയോട് താല്പര്യക്കുറവുള്ളവരാണ് മറ്റുതരത്തിൽ പ്രചരിപ്പിക്കുന്നത്. അതിനെയെല്ലാം ഞങ്ങൾ അതിജീവിക്കും എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
Discussion about this post