വിനോദയാത്രകളുടെ സീസൺ വന്നെത്തിയിരിക്കുകയാണ്. അതിനായി പ്രകൃതി വരെ വിനോദസഞ്ചാരികളെ വരവേൽക്കാൻ തയ്യറായിരിക്കുകയാണ്. ദേ ഇപ്പോൾ ഒരിക്കൽ കൂടി കുറിഞ്ഞി വസന്തം വിരുന്നെത്തി. ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറ മലനിരകളിലാണ് കുറിഞ്ഞികൾ പൂത്തുതുടങ്ങിയിരിക്കുന്നത്.
ആയിരക്കണക്കിന് അടി ഉയരത്തിൽ നിൽക്കുന്ന മലയുടെ ഒത്ത നെറുകയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികൾ പൂവിട്ടിരിക്കുന്നത് . നീലക്കുറിഞ്ഞികൾ മാത്രമല്ല. മഞ്ഞുമൂടുന്ന മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യങ്ങളും എല്ലാം ചതുരംഗപ്പാറയിൽ നിന്നുള്ള മനോഹര കാഴ്ചയാണ്.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ മലനിരകൾക്ക് എിർവശത്തുള്ള കള്ളിപ്പാറ മലനിരകളിൽ വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഏറ്റവും കൂടുതൽ നീലകുറിഞ്ഞി പൂത്തിരുന്നത് ഇവിടെയായിരുന്നു.
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ് . മൂന്നാറിലെ നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്താറുണ്ട്.
Discussion about this post