ന്യൂഡൽഹി: ആഭ്യന്തര അന്തർദേശീയ വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വ്യജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര സർക്കാർ. വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികളിൽ ഭൂരിഭാഗവും സന്ദേശങ്ങൾ എത്തിയത് എക്‌സ് അക്കൗണ്ടുകളിലൂടെയായിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സിനെതിരെ കേന്ദ്രം വിമർശനം ഉന്നയിച്ചത്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എക്‌സ് പരാജയപ്പെട്ടെന്നും കുറ്റകൃത്യത്തിന് പ്രേരണ നൽകുകയാണ് എക്‌സ് ചെയ്യുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
എക്‌സ്, മെറ്റ പ്ലാറ്റ്‌ഫോമുകളുമായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം നടത്തിയ വിർച്വൽ മീറ്റിംഗിലായിരുന്നു കേന്ദ്രം രൂക്ഷവിമർശനം ഉന്നയിച്ചത്. സംഭവത്തെ തുടർന്ന് 11 എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചിരുന്നു. അക്കൗണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ വിമാന കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ഭീഷണി സന്ദേശമെത്തിയ എക്‌സ് പേജുകളുടെ ഡൊമൈയിനുകളെ കുറിച്ചോ എപി അഡ്രസുകളെ കുറിച്ചോ വിവരങ്ങൾ കണ്ടെത്തുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ വിമർശനം.
ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറിലേറെ വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. ഞായറാഴ്ച മാത്രം 13 വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നരുന്നു. ഇൻഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങൾക്കും വിസ്താരയുടെ ആറ് വിമാനങ്ങൾക്കും ആകാശയുടെ ഒരു വിമാനത്തിനും നേരെയാണ് ഞായറാഴ്ച ഭീഷണി വന്നത്. വിമാനങ്ങൾക്ക് നേരെ ഭീഷണികൾ വരുന്നത് തുടർക്കഥയായ സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ ഭീഷണി സന്ദേശം നൽകുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും കുറ്റവാളികളെ വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്‌ളൈ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
Discussion about this post