സിംഗപ്പൂര്‍: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്ട്ടിന്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് ലോക്ക്ഹിഡ് മാര്ട്ടിന് സി.ഇ.ഒ ഫില്‍ ഷോ സിംഗപ്പൂരില്‍ വ്യക്തമാക്കി.
മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായിരിയ്ക്കും ഇത്. അതേ സമയം വിമാന നിര്‍മ്മാണശാല പദ്ധതി എന്ന് തുടങ്ങാനാവുമെന്നത് സംബന്ധിച്ച് ഫില്‍ ഷോ വ്യക്തമാക്കിയില്ല. ഇരു രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍.
സൈന്യത്തിന് വേണ്ടി യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുമ്പോള്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറും. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ 2019- 20ഓടെ ലോക്ക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ ആദ്യ ജെറ്റ് വിമാനം നിര്‍മ്മിയ്ക്കും.
നിലവില്‍ അമേരിക്കയില്‍ മാസത്തില്‍ ഒരു യുദ്ധവിമാനം വീതം ലോക്ക്ഹീഡ് ഉല്‍പ്പാദിപ്പിയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ ആയിരത്തോളം ജീവനക്കാരുള്ള സംയുക്ത സംരംഭങ്ങളുമുണ്ട്. 2011ല്‍ സി 139 ജെ ശ്രേണിയില്‍ പെട്ട ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു.
ഈ വര്‍ഷം ആറ് ഹെലികോപ്റ്ററുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയിലെ കുറഞ്ഞ വേതനവും ഉല്‍പ്പാദന ചിലവ് താരതമ്യേന കുറവാണെന്നതും എഞ്ചിനിയറിംഗ് വൈദഗ്ധ്യവും ലോക്ക്ഹീഡിനെ വലിയ തോതില്‍ ആകര്‍ഷിയ്ക്കുന്നു.
Discussion about this post